KOYILANDY DIARY

The Perfect News Portal

ശബരിമല വിഷയത്തിലെ നിലപാടിനു വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമല വിഷയത്തിലെ നിലപാടിനു വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇടതുപക്ഷത്തെ വിശ്വാസികളില്‍നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. ആരാധനാലയങ്ങള്‍ പൊളിക്കാന്‍ നടക്കുന്നവര്‍ എന്ന പ്രചാരണമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മുളയിലേ നുള്ളിക്കളയാന്‍ കൊതിച്ച ശത്രുക്കള്‍ നടത്തിയെന്നും പിണറായി ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.

അത്തരം പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് നാനാ ജാതി മതങ്ങളില്‍പെട്ടവരും ജാതി- മത പരിഗണനകള്‍ ഇല്ലാത്തവരും ദൈവ വിശ്വാസികളും അല്ലാത്തവരുമായ ബഹുജനങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിക്കുന്നത്.

ശബരിമലയിലെ തീര്‍ഥാടന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലും ഹജ് തീര്‍ത്ഥാടകര്‍ക്ക് സഹായം നല്‍കുന്ന സംരംഭത്തിലും ഒരേ മനസ്സോടെ ഞങ്ങള്‍ക്ക് മുഴുകാന്‍ കഴിയുന്നത്, മതത്തിന്റെയോ ജാതിയുടെയോ പരിമിതികള്‍ക്കപ്പുറം മനുഷ്യനെ കാണാന്‍ കഴിയുന്നത് കൊണ്ടാണെന്നും പിണറായി പോസ്റ്റില്‍ പറയുന്നു.

തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ശബരിമലയ്ക്കു സമീപം വിമാനത്താവളം വേണമെന്നും മണ്ഡല- മകരവിളക്കുക്കാലത്തെ വലിയ തിരക്ക് ഒഴിവാക്കാന്‍ ക്ഷേത്രം നിത്യവും തുറക്കുന്ന കാര്യം ദേവസ്വം ബോര്‍ഡ് പരിഗണിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. കുറച്ചു ദിവസം മാത്രം നട തുറന്നിരിക്കുന്നതിനാലാണു തിരക്കു കൂടുതല്‍. തിരുപ്പതിയിലെപ്പോലെ എല്ലാ ദിവസവും നട തുറന്നു പൂജ ഉണ്ടായാല്‍ തിരക്കു പരമാവധി കുറയ്ക്കാന്‍ കഴിയും. ദര്‍ശനത്തിനു മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്ന സ്ഥിതി ഒഴിവാക്കണം. ഭക്തരെ വേഗം ദര്‍ശനം നടത്തിച്ച്‌ വഴിപാടു പ്രസാദവും നല്‍കി മലയിറക്കി വിടണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Advertisements