മലയാളത്തിൽ ആദ്യമായി 100 അടി ട്രാക്കിൽ സിനിമാ ഷൂട്ടിംഗ്
കോഴിക്കോട് > മലയാളത്തിൽ ആദ്യമായി 100 അടി ട്രാക്കിൽ സിനിമാ ഷൂട്ടിംഗ്. ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസം വി പി സത്യന്റെ ജീവിതം പറയുന്ന ക്യാപ്റ്റൻ ചിത്രത്തിന്റെ ചിത്രീകരണത്തിനാണ് നൂറടി ട്രാക്ക് ഉപയോഗിച്ച്. ജയസൂര്യയാണ് വി പി സത്യനായി വേഷമിടുന്നത്. സിനിമയ്ക്കു വേണ്ടി ഫുട്ബാൾ മത്സരം ചിത്രീകരിക്കാനാണ് കലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഛായാഗ്രാഹകൻ റോബി വർഗീസ് രാജും സംഘവും മലയാളത്തിലെ നീളമേറിയ ക്യാമറപ്പാത ഉപയോഗിച്ചത്. സംവിധായകൻ പ്രജേഷ് സെൻ, നടൻ ജയസൂര്യ എന്നിവർ ചേർന്ന് നൂറടി ട്രാക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ പുരസ്കാരമായ ഗോയെങ്ക അവാർഡടക്കം ഇരുപതോളം പുരസ്കാരങ്ങൾ നേടിയ പത്രപ്രവർത്തകൻ പ്രജേഷ് സെൻ ആണ് തിരക്കഥയും സംവിധാനവും ഒരുക്കുന്നത്. ഗുഡ്വിൽ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിൽ ടി എൽ ജോർജാണ് നിർമിക്കുന്നത്. അനു സിത്താരയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദീപക്, രഞ്ജി പണിക്കർ, സിദ്ധീഖ്, നിർമൽ പാലാഴി തുടങ്ങിയ പ്രമുഖരോടൊപ്പം നൂറോളം ഫുട്ബോൾ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൊല്‍ക്കത്ത ഉള്‍പ്പെടെ കേരളത്തിന് പുറത്തുള്ള സ്ഥലങ്ങളിലും ചിത്രീകരണം നടക്കും.