KOYILANDY DIARY

The Perfect News Portal

മലബാര്‍ ദേവസ്വം ബില്‍ ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മുക്കം: തിരുവിതാംകൂര്‍ ദേവസ്വം ബില്ല് പോലെ മലബാറിലെ ക്ഷേത്രങ്ങളുടെ നിയമ നിര്‍മ്മാണത്തിനും പുരോഗതിക്കും സഹായകമാകുന്ന മലബാര്‍ ദേവസ്വം ബില്‍ ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് ദേവസ്വം – സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മുക്കം കക്കടവത്ത് ശിവക്ഷേത്രത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോര്‍ജ്ജ് എം തോമസ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ എല്‍ ഡി എഫ് ഭരണകാലത്ത് ജി. സുധാകരന്‍ ദേവസ്വം മന്ത്രിയായിരിക്കെ മലബാര്‍ ദേവസ്വം ബില്‍ കൊണ്ടുവന്നതാണ്. അതിന് ചില പോരായ്മകള്‍ ഉണ്ടായിരുന്നു. ബില്ല് യാഥാര്‍ഥ്യമായാല്‍ മലബാറിലെ ക്ഷേത്രങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

കാരശേരി ബാങ്കാണ് ഓഫീസ് കെട്ടിടം നിര്‍മ്മിച്ചു നല്‍കിയത്. താക്കോല്‍ ദാനം ബാങ്ക് ചെയര്‍മാന്‍ എന്‍ കെ അബ്ദുറഹ്മാന്‍ നിര്‍വ്വഹിച്ചു.ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ നാരായണന്‍ നമ്പീശന്‍ ഏറ്റുവാങ്ങി. നഗരസഭാ കൗണ്‍സിലര്‍ പി. ബ്രിജേഷ്, ബാങ്ക് ജനറല്‍ മാനേജര്‍ എം.ധനീഷ്, മാമ്പൊയില്‍ രാഘവന്‍ നായര്‍, സതീശന്‍ തച്ചോട്ടില്‍, കെ പി അപ്പുക്കുട്ടി നായര്‍, കെ.അറുമുഖന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *