KOYILANDY DIARY

The Perfect News Portal

കോട്ടക്കുളത്തെ രണ്ടാംഘട്ട നവീകരണം തുടങ്ങി

വടകര: കൊടും വേനലിലും സമൃദ്ധമായി ജലം നിറഞ്ഞ കോട്ടക്കുളത്തെ രണ്ടാംഘട്ട നവീകരണം തുടങ്ങി. ഇവിടേക്ക് പാത വെട്ടിത്തെളിച്ചതിനു പുറമെ കുളത്തിനു ചുറ്റുമുളള കല്ലും മണ്ണും നീക്കുകയും ചെയ്തു. രാവിലെ ഏഴിന് തുടങ്ങിയ രണ്ടാം ഘട്ട പ്രവൃത്തി മണിക്കൂറുകള്‍ നീണ്ടു. യുവജന സംഘടനകളുടെയും പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും പങ്കാളിത്തത്തോടൊപ്പം രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും പരിസരവാസികളും സജീവമായി പങ്കാളികളായി.

വടകര കോട്ടപ്പറമ്പിന് സമീപം അധികം അറിയപ്പെടാതിരുന്ന കോട്ടക്കുളം കോഴിക്കോട് മാനാഞ്ചിറ പോലെ സംരക്ഷിക്കാനാണ് ശ്രമം. എംപിയുടെയും എംഎല്‍എയുടെയും പ്രദേശിക വികസന ഫണ്ടും മുനിസിപ്പല്‍ ഫണ്ടും ഇതിനായി വിനിയോഗിക്കും. കോട്ടക്കുളം സംബന്ധിച്ച റവന്യു രേഖകളില്‍ വ്യക്തത വരുത്താനും ശ്രമം തുടങ്ങി. അതിര്‍ത്തി നിര്‍ണയിക്കാന്‍ വില്ലേജ് ഓഫീസില്‍ നിന്നുളള രേഖകള്‍ ലഭ്യമാക്കി.

എഫ്.എം.ബി രജിസ്റ്ററില്‍ ഫീല്‍ഡ് നമ്പര്‍ 140 പ്രകാരം 2.8 ഏക്കര്‍ സ്ഥലമാണ് കോട്ടക്കുളത്തിന്റേയും തൊട്ടടുത്ത സ്ഥലങ്ങളുടെയും വിസ്തൃതി. അതിര്‍ത്തി നിര്‍ണയത്തിന് വില്ലേജ് ഓഫീസര്‍ അനിതയുമായി വാര്‍ഡ് കൗണ്‍സിലര്‍ എ.പ്രേമകുമാരി, സി.ശോഭന, എ.കെ.ബാലന്‍, മണലില്‍ മോഹനന്‍, പി.ഉസ്മാന്‍, മണിയോത്ത് കരുണാകരന്‍ എന്നിവര്‍ ചര്‍ച്ച നടത്തി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *