KOYILANDY DIARY

The Perfect News Portal

മമതാ ബാനര്‍ജിയുടെ തല വെട്ടുന്നവര്‍ക്ക് പതിനൊന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഭാരതീയ ജനതാ യുവ മോര്‍ച്ച നേതാവ്

ഭിര്‍ഭും: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തല വെട്ടുന്നവര്‍ക്ക് പതിനൊന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഭാരതീയ ജനതാ യുവ മോര്‍ച്ച നേതാവ്. കഴിഞ്ഞ ദിവസം ഭിര്‍ഭും ജില്ലയിലെ സൂറിയില്‍ ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ പങ്കെടുത്തവരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി വിരട്ടിയോടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമതാ ബാനര്‍ജിയുടെ തലവെട്ടുന്നവര്‍ക്ക് പതിനൊന്നു ലക്ഷം രൂപ നല്‍കാമെന്ന്  ബിജെവൈഎം മുന്‍ മണ്ഡലം പ്രസിഡന്റായ യോഗേഷ് വര്‍ഷിനി രംഗത്ത് വന്നിരിക്കുന്നത്.

ജയ് ശ്രീരാം എന്ന് മുദ്രാവാക്യം വിളിച്ച് തെരുവിലൂടെ ഘോഷയാത്ര നടത്തിയ തങ്ങളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് യോഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. വിശ്വാസികള്‍ മാത്രമാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. എന്നാല്‍ ഘോഷയാത്ര നടത്താന്‍ അനുമതി പൊലീസ് നിഷേധിച്ചു. എങ്കിലും സമാധാനപരമായി പ്രദക്ഷണം ആരംഭിച്ച തങ്ങളെ സംഘമായി വന്ന പൊലീസ്  മര്‍ദ്ദിക്കുകയായിരുന്നു എന്ന് യോഗേഷ് പറഞ്ഞു.

മമതാ ബാനര്‍ജി നടത്തുന്നത് മുസ്‌ലിം പ്രീണനമാണെന്ന് ആരോപിച്ച യോഗേഷ് മംമതാ ബാനര്‍ജിക്ക് സരസ്വതിപൂജകള്‍ നടത്താനും ഹനുമാന്‍ ജയന്തിക്ക് ഘോഷയാത്ര നടത്താനുമല്ല മറിച്ച് മുസ്‌ലിങ്ങള്‍ നടത്തുന്ന ഇഫ്താര്‍ വിരുന്ന് സ്വീകരിക്കാനാണ് താല്‍പര്യമെന്നും കുറ്റപ്പെടുത്തി. മമതാ ബാനര്‍ജി രാം നവമി ദിനത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ പങ്കെടുത്തതിന്റെ പിറ്റേദിവസമാണ് യുവ മോര്‍ച്ചാ നേതാവിന്റെ കൊലവിളി.

Advertisements

ഇതിനു മുന്‍പും സംഘപരിവാര്‍ നേതാക്കള്‍ ഇത്തരത്തിലുള്ള കൊലവിളി പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. കേരളത്തിലുള്ള ബിജെപി പ്രവര്‍ത്തകരെ കമ്മ്യൂണിസ്റ്റുകാര്‍ കൊന്നൊടുക്കുന്നു എന്ന് ആരോപണം ഉയര്‍ത്തി ഉജ്ജയിനിലെ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ത്രാവത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് കഴിഞ്ഞ മാസം ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. ഇത് വിവാദമാവുകയും ചന്ദ്രാവത്ത് സംഭവത്തില്‍ പിന്നീട് മാപ്പ് പറയുകയും ചെയ്തിരുന്നു. സംഭവത്തില്‍ ചന്ദ്രാവത്തിനെതിരെ കേസെടുത്ത പൊലീസ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *