KOYILANDY DIARY

The Perfect News Portal

മദ്യം ഓണ്‍ലൈനാക്കണം: ഹര്‍ജിക്കാരന് അരലക്ഷം രൂപ പിഴ

കൊച്ചി: കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മദ്യം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കണമെന്ന ആവശ്യവുമായെത്തിയ ഹര്‍ജിക്കാരന്‍ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഒരു മഹാമാരിക്കിടെ കോടതിയെ പരിഹസിക്കുന്ന തരത്തിലുള്ള ആവശ്യമാണിതെന്നും ഉത്തരവിട്ട ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്ബ്യാര്‍ വിമര്‍ശിച്ചു. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന അഭിഭാഷകന്റെ അപേക്ഷയും കോടതി തള്ളി.

ആലുവദേശം കുളപ്പറമ്ബില്‍ ജ്യോതിഷായിരുന്നു ഹര്‍ജിക്കാരന്‍. 50,000 രൂപ രണ്ടാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ അടച്ച്‌ രസീത് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് മുന്നില്‍ ഹാജരാക്കണം. അതില്‍ വീഴ്ച വരുത്തിയാല്‍ പലിശസഹിതം റവന്യൂ റിക്കവറിയിലൂടെ ഇടാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

മദ്യഷാപ്പുകള്‍ക്ക് മുന്നില്‍ ക്യൂനിന്ന് മദ്യംവാങ്ങുന്നത് കൊറോണ പടരാന്‍ കാരണമാകുമെന്നും അതിനാല്‍ ബിവറേജസ് കോര്‍പ്പറേഷനോട് ഓണ്‍ലൈന്‍ വഴി മദ്യം എത്തിക്കാന്‍ നിര്‍ദേശിക്കണമെന്നുമായിരുന്നു ആവശ്യം. സാധാരണ സാഹചര്യത്തിലായിരുന്നെങ്കില്‍ ഹര്‍ജി ജനശ്രദ്ധകിട്ടാനാണെന്ന് കരുതാമായിരുന്നു. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനെ കരുതാനാകില്ല. നാടാകെ കൊറോണ വ്യാപനം തടയാനുള്ള ശക്തമായ ശ്രമത്തിലാണ്. കോടതിപോലും അത്യാവശ്യ കേസുകള്‍ മാത്രം കേട്ടാല്‍ മതിയെന്ന തീരുമാനമെടുത്തത് അതിനാലാണെന്നും കോടതി അറിയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *