കൊയിലാണ്ടിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കൾച്ചറൽ കമ്മ്യൂണിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു
.
കൊയിലാണ്ടി: കൊയിലാണ്ടിയുടെയും പരിസര പഞ്ചായത്തുകളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് കൊയിലാണ്ടി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ കൺവെൻഷൻ സംഘടിപ്പിച്ചു. വിവിധ മേഖലകളിലെ വിദഗ്ധരിൽ നിന്ന് ലഭിച്ച വികസന പദ്ധതികളെ ആസ്പദമാക്കി നടന്ന ചർച്ചയിൽ, കൊയിലാണ്ടിയുടെ ഭാവി വികസനത്തിന് ഉപകാരപ്രദമായ നിരവധി നിർദേശങ്ങൾ മുന്നോട്ടുവെക്കാനാകുമെന്ന് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ അഭിപ്രായപ്പെട്ടു. എൻ. ഇ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. എം. ജി. ബൽരാജ് അധ്യക്ഷത വഹിച്ചു.

നഗരാസൂത്രണം, വിദ്യാഭ്യാസം, കലാ-കായികം, ഗതാഗതം, കുടിവെള്ള വിതരണം, മാലിന്യനിർമാർജനം, ടൂറിസം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിശദമായ പ്രോജക്ടുകളാണ് യോഗത്തിൽ അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്തത്. പ്രായോഗികവും ദീർഘകാല വികസനത്തിന് സഹായകവുമായ പദ്ധതികൾ ഘട്ടംഘട്ടമായി നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു.

കൊയിലാണ്ടിയെ ആധുനികവും സുസ്ഥിരവുമായ, ജനകീയ പങ്കാളിത്തത്തിലൂന്നിയ മാതൃകാ നഗരമാക്കി മാറ്റുക എന്നതാണ് കൾച്ചറൽ കമ്മ്യൂണിറ്റിയുടെ ദീർഘകാല വിഷൻ. വികസന പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, വിദഗ്ധർ, പൊതുജനങ്ങൾ എന്നിവർ തമ്മിലുള്ള സഹകരണം ഉറപ്പാക്കി ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പദ്ധതികൾ രൂപവത്കരിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണ് കമ്മ്യൂണിറ്റിയുടെ ലക്ഷ്യം. ഡോ. പ്രഭാകരൻ, അനീഷ് പൂർണിമ, ബാബുരാജ്, അഡ്വ. ശ്രീനിവാസൻ, എൻ വി വത്സൻ എന്നിവർ വിവിധ വികസന പ്രോജക്ടുകളെക്കുറിച്ച് വിശകലനം നടത്തി. എ ഹരിദാസ് സ്വാഗതവും ശ്രീലാൽ പെരുവട്ടൂർ നന്ദിയും പറഞ്ഞു.



