KOYILANDY DIARY

The Perfect News Portal

പ്രതിഷേധം ഭയന്ന് വാർത്താ ചാനലുകളുടെ വിലക്ക് പിൻവലിച്ചു

കൊച്ചി: ഏഷ്യാനെറ്റ്‌ ന്യൂസ്‌, മീഡിയാവണ്‍ ചാനലുകള്‍ക്ക്‌ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക്‌ പിന്‍വലിച്ചു. വെള്ളിയാഴ്‌ച രാത്രി 7.30ന്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ പുലര്‍ച്ചെ 1.30ന്‌ പിന്‍വലിച്ചതായി ഏഷ്യാനെറ്റ്‌ അറിയിച്ചു. രാവിലെ 9.30നാണ്‌ മീഡിയാ വണിന്റെ വിലക്ക്‌ പിന്‍വലിച്ചത്‌. വിലക്കിനെതിരെ രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ രംഗത്ത്‌ വന്നിരുന്നു.

ഡല്‍ഹി കലാപം വാര്‍ത്തയാക്കിയതിനാണ്‌ വിലക്ക്‌. ആര്‍എസ്‌എസിനെയും ഡല്‍ഹി പൊലീസിനെയും കേന്ദ്രആഭ്യന്തരമന്ത്രാലയത്തെയും വിമര്‍ശിച്ചാണ്‌ ചാനലുകള്‍ വാര്‍ത്ത ചെയ്‌തതെന്ന്‌ കേന്ദ്ര അണ്ടര്‍സെക്രട്ടറി വിജയ്‌കൗശിക്ക്‌ ഒപ്പിട്ട ഉത്തരവില്‍ വ്യക്‌തമാക്കിയിരുന്നു. വാര്‍ത്ത നല്‍കിയതിന്‌ ചാനലുകള്‍ക്ക്‌ കേന്ദ്രം നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയിരുന്നു.

കലാപബാധിത പ്രദേശങ്ങളില്‍നിന്ന്‌ ജീവന്‍ പണയംവച്ച്‌ റിപ്പോര്‍ട്ടര്‍മാര്‍ നല്‍കിയ വാര്‍ത്തകളാണ്‌ സംപ്രേക്ഷണം ചെയ്‌തതെന്ന്‌ ഏഷ്യാനെറ്റ്‌ വിശദീകരണക്കുറിപ്പില്‍ പറഞ്ഞു.വാര്‍ത്തകള്‍ സത്യസന്ധമായി റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള അവകാശത്തിന്‌ ഭരണഘടനയുടെ സംരക്ഷണമുണ്ടെന്ന്‌ മീഡിയാവണ്‍ വിശദീകരണക്കുറിപ്പില്‍ പറഞ്ഞു. മുമ്ബ്‌ ഇത്തരം സംഭവങ്ങള്‍ ഉണ്ടായപ്പോഴും സംഭവസ്ഥലത്ത്‌നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ടെന്നും മീഡിയാവണ്‍ പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *