KOYILANDY DIARY.COM

The Perfect News Portal

നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്ക്

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് മറിഞ്ഞു. ആന്ധ്രയില്‍നിന്ന് അരി കയറ്റി കോഴിക്കോട്ടേക്ക് വരികയായിരുന്ന പന്ത്രണ്ട് ചക്ര ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ ആന്ധ്രാപ്രദേശ് കല്ലൂര്‍ സ്വദേശികളായ ലോറി ഡ്രൈവര്‍ രവി (42), ക്ലീനര്‍ അലിഖാന്‍ (42) എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു.

ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരും ഹൈവേ പോലീസും യാത്രക്കാരും ചേര്‍ന്ന് കയര്‍ കെട്ടി സാഹസികമായാണ് ഇരുവരെയും കൊക്കയില്‍നിന്ന് രക്ഷപ്പെടുത്തി റോഡിലേക്കെത്തിച്ചത്. ലോറി മരത്തിലും കൂറ്റന്‍ പാറയിലും ഇടിച്ച്‌ നിന്നതിനാലാണ് വലിയ താഴ്ചയിലേക്ക് മറിയാതിരുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം.

ആറാംവളവില്‍ ഇറക്കത്തില്‍വെച്ച്‌ ലോറിയുടെ ബ്രെയ്ക്ക് തകരാറിലാവുകയും സ്റ്റിയറിങ്ങിന്റെ നിയന്ത്രണം നഷ്ടമായി ലോറി റോഡരിക് തകര്‍ത്ത് കൊക്കയിലേക്ക് പതിക്കുകയുമായിരുന്നു. അപകടത്തില്‍പ്പെട്ട ലോറിയുടെ മുന്‍വശം പാടെ തകര്‍ന്നു. ഡ്രൈവര്‍ രവിയെ പിറകുവശത്തെ മാംസഭാഗം അടര്‍ന്ന നിലയിലും ക്ലീനര്‍ അലിഖാനെ വാരിയെല്ലിന് ചതവേറ്റ നിലയിലുമാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.

അടിവാരം, ഈങ്ങാപ്പുഴ എന്നിവിടങ്ങളില്‍ നിന്നെത്തിയ രണ്ട് ആംബുലന്‍സിലാണ് ചുരംസംരക്ഷണസമിതി പ്രവര്‍ത്തകരായ അനില്‍, മജീദ് എന്നിവരുടെയും ഹൈവേ പോലീസ് എസ്.ഐ. സത്താറിന്റെയും നേതൃത്വത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!