KOYILANDY DIARY

The Perfect News Portal

നാടന്‍ ചാരായ വാറ്റു കേന്ദ്രം എക്സൈസ് സംഘം തകര്‍ത്തു

നാദാപുരം: വിലങ്ങാട് പുഴയോരത്തെ നാടന്‍ ചാരായ വാറ്റു കേന്ദ്രം നാദാപുരം എക്സൈസ് സംഘം തകര്‍ത്തു. വിലങ്ങാട് കൂളിക്കാവ് ഭാഗത്തെ വാറ്റു കേന്ദ്രമാണ് ഇന്നലെ ഉച്ചയോടെ തകര്‍ത്തത്. രഹസ്യ വിവരം ലഭിച്ചതനുസരിച്ച്‌ വിലങ്ങാട് ഭാഗത്ത് എക്സൈസ് സംഘം നടത്തിയ തിരച്ചിലിലാണ് പുഴയോരത്തെ വാറ്റുകേന്ദ്രം കണ്ടെത്തിയത്.

ചാരായ നിര്‍മ്മാണത്തിനായി ഏഴു കന്നാസുകളിലായി തയ്യാറാക്കി വച്ചിരുന്ന 235 ലിറ്റര്‍ വാഷും നശിപ്പിച്ചു. കൂടാതെ വാറ്റുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വിലങ്ങാട് മലയോരത്തെ ആദിവാസി കോളനികളില്‍ വില്പന നടത്തുന്നതിനാണ് ഇവിടെ നാടന്‍ ചാരായം വാറ്റിയെടുത്തിരുന്നതെന്നാണ് എക്സൈസ് സംഘത്തിന് ലഭിച്ച വിവരം. എക്സൈസ് സംഘം സ്ഥലത്തെത്തുമ്പോഴേക്കും ചാരായം വാറ്റുന്നവര്‍ സ്ഥലം വിട്ടിരുന്നതിനാല്‍ ആരെയും പിടികൂടാനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *