KOYILANDY DIARY

The Perfect News Portal

പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ തിരുവാഭരണം കണ്ടെത്തി

കോഴിക്കോട്: ഗോവിന്ദപുരം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ അഞ്ചര പവന്റെ തിരുവാഭരണം ക്ഷേത്രത്തിലെ കസേരകളും മറ്റും കൂട്ടിയിടുന്ന ഷെഡില്‍ കണ്ടെത്തി. ഇന്നലെ രാവിലെ യോഗത്തിനായി ഷെഡില്‍ നിന്ന് കസേര എടുക്കാനെത്തിയ ക്ഷേത്ര ഭാരവാഹികളാണ് കസേരയില്‍ തൂക്കിയിട്ട നിലയില്‍ ആഭരണം കണ്ടെത്തിയത്.

മെഡിക്കല്‍ കോളേജ് എസ്.ഐ പി.കെ. വിനോദന്റെ നേതൃത്വത്തില്‍ ആഭരണം കസ്റ്റഡിയിലെടുത്തു.
ആഭരണം സമീപത്തെ ഒരു വിദ്യാര്‍ത്ഥിക്ക് അമ്പലത്തിലെ തെക്കേ നടയോടു ചേര്‍ന്ന് ഗോവിന്ദപുരം എ.യു.പി.സ്കൂളിലേക്ക് പോകുന്ന വഴിയില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ചതായി പൊലീസ് കണ്ടെത്തി. ആഭരണം ആരുടെയോ കൈയില്‍ നിന്ന് വീണുപോയതായിരിക്കുമെന്നു കരുതി കുട്ടി ഷെഡില്‍ തൂക്കിയിടുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

ഏപ്രില്‍ 24 ന് രാവിലെയാണ് ക്ഷേത്രഭണ്ഡാരത്തില്‍ നിന്ന് 25,000 രൂപയും തിരുവാഭരണവും വെള്ളിക്കിരീടവും കളവുപോയത്. വെള്ളിക്കിരീടം കവര്‍ച്ച നടന്ന ദിവസം തന്നെ കണ്ടെത്തിയിരുന്നു. 23 ന് രാത്രി എട്ടിനാണ് ക്ഷേത്രം അടച്ച്‌ മേല്‍ ശാന്തിയും ജീവനക്കാരനും പോയത്. ക്ഷേത്രത്തിന്റെ തെക്കേ ഭാഗത്തുള്ള വാതിലിന്റെ പൂട്ടു പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. ശ്രീകോവിലിന്റെ വാതില്‍ താക്കോലിട്ടു പൂട്ടിയിരുന്നില്ല. ഈ വാതില്‍ തുറന്നു അകത്തുകയറിയാണു തിരുവാഭരണം കവര്‍ന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Advertisements

Leave a Reply

Your email address will not be published. Required fields are marked *