KOYILANDY DIARY

The Perfect News Portal

തീരദേശ സ്കൂളുകൾക്കായി പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു

കൊയിലാണ്ടി: മണ്ഡലത്തിലെ 4 തീരദേശ സ്കൂളുകൾക്കായി പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ പ്രവൃത്തിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.  ജെ. മേഴ്സികുട്ടിഅമ്മ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഡോ.ടി.എം. തോമസ് ഐസക്, പ്രൊഫ.സി.രവീന്ദ്രനാഥ്‌, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ.ശശീന്ദ്രൻ, കെ.ടി. ജലീൽ, കെ.ദാസൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. സംസ്ഥാനത്താകെയുള്ള 56 സ്കൂളുകളുടെ പ്രവൃത്തികളുടെയും നിർമ്മാണോത്ഘാടനം ഒരുമിച്ചാണ്  നിർവ്വഹിക്കപ്പെട്ടത്. 
കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ 4 സ്കൂളുകളുടെയും ഉദ്ഘാടന പരിപാടികൾ ഒരുമിച്ച് ആന്തട്ട ഗവ.യു.പി.സ്കൂളിൽ വെച്ചാണ് നടന്നത്.  തീരദേശ മേഖലയിൽ പ്രവർത്തിച്ചു വരുന്ന സ്കൂളുകളുടെ ഭൗതിക സൗകര്യം ഉയർത്തുക എന്ന ലക്ഷൃം വെച്ച് സംസ്ഥാന ഫിഷറീസ് വകുപ്പ് മുന്നോട്ടുവെച്ച പദ്ധതിക്ക് കിഫ്ബി വഴിയാണ് ഫണ്ട് അനുവദിച്ചത്. ആന്തട്ട ജി.യു.പി.സ്കൂൾ (92.80 ലക്ഷം), കൊയിലാണ്ടി ജി.എഫ്.യു.പി.സ്കൂൾ (63.83 ലക്ഷം), കോരപ്പുഴ ജി.എഫ്. യു.പി. സ്കൂൾ (67.57 ലക്ഷം), പയ്യോളി ജി.എഫ്.എൽ.പി.സ്കൂൾ (60.80 ലക്ഷം) എന്നിങ്ങനെ കൊയിലാണ്ടി യിലേക്കായി  2 കോടി 85 ലക്ഷം രൂപയാണ് അനുവദിച്ചത്.
എല്ലാ സ്കൂളുകളിലും നിലവിലുണ്ടായിരുന്ന പഴയ ഓടിട്ട കെട്ടിടങ്ങൾ പി.ടി.എ കമ്മറ്റികൾ തന്നെ മുൻകൈ എടുത്ത് പൊളിച്ചു മാറ്റിക്കഴിഞ്ഞു.  വേഗത്തിൽ തന്നെ പ്രവൃത്തികൾ പൂർത്തീകരിക്കും.  സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ്റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.  ആന്തട്ട സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ എം.എൽ.എ ശിലാഫലകം അനാശ്ഛാദനം ചെയ്തു. കൂടാതെ പയ്യോളി നഗരസഭാ ചെയർപേഴ്സൺ വി.ടി. ഉഷ, കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ, ചെങ്ങോട്ടുകാവ് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ, ചേമഞ്ചേരി പ്രസിഡണ്ട് അശോകൻ കോട്ട്, ഡി.ഇ.ഒ സി.കെ.വാസു, എ.ഇ.ഒ വി.പി സുധ, പ്രധാനധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *