പേരാമ്പ്ര സ്മാര്‍ട്ട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് ഫാത്തിമ തഹിലിയ എംഎല്‍എ ഉദ്ഘാടനം ചെയ്തു
.
കോഴിക്കോട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പേരാമ്പ്രയില്‍ സജ്ജമാക്കിയ സ്മാര്‍ട്ട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് ഫാത്തിമ തഹിലിയ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി അധ്യക്ഷത വഹിച്ചു. വടകര സബ് കളക്ടര്‍ പി പി അര്‍ച്ചന മുഖ്യാതിഥിയായി. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

പട്ടികവര്‍ഗ വികസന വകുപ്പ് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് ഓഫീസ് നിര്‍മിച്ചത്. പട്ടികവര്‍ഗ വകുപ്പായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കു പുറമെ പിഎസ്സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കെ സ്മാര്‍ട്ട് തുടങ്ങി സര്‍ക്കാര്‍ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗജന്യമായാണ് നല്‍കുന്നത്. സെന്ററില്‍ നേരിട്ടെത്താന്‍ പ്രയാസമുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പ്രമോട്ടര്‍മാര്‍ മുഖേന സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ബാലുശ്ശേരി, പേരാമ്പ്ര, തൂണേരി, കുന്നുമ്മല്‍ ബ്ലോക്കുകളിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കാണ് സേവനം നല്‍കുന്നത്.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വഹീദ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ സി ഗാന, ലിസ്സി ഷിജു, അനിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജന് മരുതേരി, വാര്‍ഡ് മെമ്പര്‍ സജിന, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ എം ശശി, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ സുജിന്ദ്രന്‍, ടി.ഇ.ഒ കെ ദീപക് എന്നിവര്‍ സംസാരിച്ചു.



