ഡ്യൂറൻ്റ് കപ്പിനുള്ള ഗോകുലം കേരള എഫ്. സി ടീമിനെ പ്രഖ്യാപിച്ചു
കോഴിക്കോട്: രാജ്യത്തെ പ്രമുഖ ഫുട്ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറന്‍ഡ് കപ്പിനുള്ള ഗോകുലം കേരള എഫ്.സി ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിലെ ഒമ്പതു പേര് മലയാളികളാണ്. ഡ്യൂറന്‍ഡ് കപ്പിന്റെ 129-ാം പതിപ്പാണ് ഇത്തവണത്തേത്. ഓഗസ്റ്റ് എട്ടിന് ചെന്നൈ എഫ്.സിക്കെതിരെയാണ് ഗോകുലത്തിന്റെ ആദ്യ മത്സരം. ഉബൈദ് സി.കെ, ജസ്റ്റിന് ജോര്‍ജ്, മുഹമ്മദ് ഇര്‍ഷാദ്, ഷിബില്‍ മുഹമ്മദ്, മുഹമ്മദ് റാഷിദ്, ബിജേഷ് ബാലന്, കെ.പി രാഹുല്‍, ജി. സഞ്ജു എന്നിവരാണ് ടീമിലെ മലയാളി താരങ്ങള്‍.
മാര്‍ക്കസ് ജോസഫ്, ഹെന്‍ട്രി കിസ്സേക്ക, ലാല്റൊമാവിയ, കെ.എം.മെയ്തേയ് എന്നിവരുള്‍പ്പെട്ട മുന്നേറ്റ നിരയില്‍ കെ.പി രാഹുലും ചേരുന്നു. 2018-ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗമാണ് രാഹുല്‍. ബ്രൂണോ പെല്ലിസാറി നയിക്കുന്ന മധ്യനിരയില്‍ ഷിബില്‍ മുഹമ്മദ്, മുഹമ്മദ് റാഷിദ്, ബിജേഷ് ബാലന്, മായക്കണ്ണന്, എം.മെന്‍ഡെസ് എന്നിവരുമുണ്ട്.
ആന്‍ഡ്രേ എറ്റിനെ, മുഹമ്മദ് ഇര്‍ഷാദ്, സെബാസ്റ്റ്യന്‍ തങ്മുവാന്സാങ്, ജസ്റ്റിന് ജോര്‍ജ്, ജി.സഞ്ജു, മുഹമ്മദ് സലാഹ്, എം. അശോക് സിങ് എന്നിവരാണ് പ്രതിരോധത്തില്‍. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും ലോകത്തിലെ പഴക്കമേറിയ മൂന്നാമത്തേയും ടൂര്‍ണമെന്റാണ് 1888-ല്‍ തുടങ്ങിയ ഡ്യൂറന്‍ഡ് കപ്പ്. 1997-ല്‍ കിരീടം നേടിയ എഫ്.സി കൊച്ചിനാണ് ഡ്യൂറന്‍ഡ് കപ്പില്‍ മുത്തമിട്ട ഏക കേരള ടീം. അഞ്ച് ഐ.എസ്.എല്‍ ടീമുകളും ആറ് ഐ ലീഗ് ടീമുകളും ഉള്‍പ്പടെ 16 ടീമുകളാണ് ഇത്തവണ ഡ്യൂറന്‍ഡ് കപ്പില്‍ മത്സരിക്കുന്നത്.