KOYILANDY DIARY

The Perfect News Portal

ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ സമ്മേളനം ഫെബ്രുവരി 1 മുതല്‍ 5 വരെ കൊച്ചിയില്‍

കൊച്ചി> ഡി.വൈ.എഫ്‌.ഐയുടെ പത്താം അഖിലേന്ത്യാ സമ്മേളനം ഫെബ്രുവരി 1 മുതല്‍ 5 വരെ കൊച്ചിയില്‍ നടക്കും. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടില്‍ ഫെബ്രുവരി 2 ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം ജനപക്ഷ വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായ റിട്ടയേഡ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഗോപാല്‍ ഗൗഡ ഉദ്ഘാടനം ചെയ്യും. ആധുനിക ഇന്‍ഡ്യന്‍ ജീവശാസ്ത്രത്തിന്റെ ശില്പി പുഷ്പമിത്ര ഭാര്‍ഗവ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഹൈദ്രാബാദില്‍ നിന്നും സമ്മേളനത്തെ അഭിവാദ്യം ചെയ്യും. പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും മൂലം യാത്ര ബുദ്ധിമുട്ടായതു കൊണ്ടാണ് അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ സമ്മേളനത്തെ അഭിവാദ്യം ചെയ്യുന്നത്.

അഖിലേന്ത്യ സമ്മേളനത്തില്‍ ഉയര്‍ത്തുന്നതിനുള്ള പതാകയുമായി കന്യാകുമാരിയില്‍ നിന്നും കൊടിമരവുമായി അരുവിക്കരയില്‍ നിന്നും ദിപശിഖയുമായി കൂത്തുപറമ്പ്‌ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ജാഥകള്‍ ഫെബ്രുവരി 1 ന് വൈകിട്ട് 6 മണിക്ക് പൊതുസമ്മേളന നഗരിയായ മറൈന്‍ ഡ്രൈവില്‍ സംഗമിക്കും.

തുടര്‍ന്ന് ഡിവൈഎഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എം പി പതാക ഉയര്‍ത്തും.ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് എം ബി രാജേഷ് എം പി, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.

ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്റുമാരായ എം എ ബേബി, കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, ഇ പി ജയരാജന്‍, എം വിജയകുമാര്‍, എന്‍ എന്‍ കൃഷ്ണദാസ്, കെ എന്‍ ബാലഗോപാല്‍, മുന്‍ ജനറല്‍ സെക്രട്ടറിമാരായ ഹന്നന്‍മുള്ള, മുഹമ്മദ് സലിം, തപന്‍ സിന്‍ഹ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തെ അഭിവാദ്യം ചെയ്യും. മഹാരാഷ്ട്രയില്‍ സംഘപരിവാര്‍ ക്രൂരമായി കൊലപ്പെടുത്തിയ നരേന്ദ്ര ദബോല്‍ക്കറുടെ മകന്‍ ഹാമിദ് ബോല്‍ക്കര്‍, ഗോവിന്ദ് പാന്‍സാരയുടെ മകള്‍ മേഘ പാന്‍സാര എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. 24 സംസ്ഥാനങ്ങില്‍ നിന്നായി 700 ഓളം പ്രതിനിധികള്‍ പങ്കെടുക്കും.

Advertisements

ഉദ്ഘാടന ദിവസം വൈകിട്ട് കേന്ദ്രബഡ്ജറ്റും യുവജനങ്ങളും എന്ന വിഷയത്തിലുള്ള സെമിനാര്‍ സംഘടിപ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക്, പ്രമുഖ സാമ്ബത്തിക ശാസ്ത്രജ്ഞന്‍ ഡോ. പ്രഭാത് പട്നായിക്, മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രൊഫസറും സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗവുമായ പ്രൊഫസര്‍ രാമകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

ഫെബ്രുവരി 3ന് വൈകിട്ട് വിദേശ പ്രതിനിധികള്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. ജാതീയയ്ക്കെതിരായ സെമിനാര്‍ നാലിന് ഫെബ്രുവരി 4ന് വൈകിട്ട് ജാതീയതക്കെതിരായ സെമിനാര്‍ സംഘടിപ്പിക്കും. ഇന്‍ഡ്യയിലെ തോട്ടിപണി അവസാനിപ്പിക്കാന്‍ സന്ധിയില്ലാത്ത പോരാട്ടത്തിനു നേതൃത്വം കൊടുക്കുന്ന മാഗ്സസെ അവര്‍ഡ് ജേതാവും അന്താരാഷ്ട്ര പ്രശസ്തനായ ആക്ടിവിസ്റ്റുമായ. ബെസ്വാഡ വില്‍സന്‍, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഗോപാല്‍ ഗുരു, ധീര രക്തസാക്ഷി രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, സഹോദരന്‍ രാജാ വെമുല എന്നവര്‍ പങ്കെടുക്കും.

ഫെബ്രുവരി 5 ന് ഉച്ചക്ക് 2 ലക്ഷം യുവജനങ്ങള്‍ അണിനിരക്കുന്ന പ്രകടനം നടക്കും. മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, എം എ ബേബി, ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് എം ബി രാജേഷ് എം പി, ഡി വൈ എഫ് ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി എന്നിവര്‍ സംസാരിക്കും.

13 വീടുകള്‍ കൈമാറും

അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായി ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു രണ്ടു മാസക്കാലമായി സംഘടനാടിസ്ഥാനത്തിലും ജനകീയാടിസ്ഥാനത്തിലും വിപുലമായ പരിപാടികള്‍ നടന്നുവരികയാണ്. നിര്‍ധനരായ 13 കുടുംബങ്ങള്‍ക്കുള്ള വീട് നിര്‍മാണം അവസാന ഘട്ടത്തിലാണ്. സമ്മേളനത്തിന് മുന്നോടിയായി 13 വീടുകളും പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറും.

പുറമ്പോക്ക് നിവാസികള്‍ക്കിടയില്‍ ഡി വൈ എഫ് ഐ നടത്തിയ സര്‍വെയില്‍ പഠനത്തില്‍ മിടുക്കരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമെന്ന് കണ്ടെത്തിയ 92 കുട്ടികളുടെ തുടര്‍ പഠനം ഡി വൈ എഫ് ഐ ഏറ്റെടുത്തു.

മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ജാഗ്രതാസമിതികള്‍ രൂപീകരിച്ച്‌ ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്തിവരികയാണ്.

ജില്ലയിലെ 2247 യൂണിറ്റിലും ഓരോ പരമ്പരാഗത ജലസ്രോതസുകള്‍ കണ്ടെത്തി അവ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. ഫെബ്രുവരി മാസം 22ന് ജില്ലയിലൂടെ ഒഴുകുന്ന പെരിയാര്‍ നദിയിലൂടെ വള്ളത്തിലും ചങ്ങാടത്തിലും യാത്ര ചെയ്ത് പെരിയാറിന്റെ തീരങ്ങളില്‍ അടിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ നീക്കം ചെയ്യും. തുടര്‍ന്ന് ആലുവ മണപ്പുറത്ത് പരിസ്ഥിതി സെമിനാര്‍ സംഘടിപ്പിക്കും. സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം കെ സാനു മാസ്റ്റര്‍, ഇന്നസെന്റ് എം പി, കുരീപ്പുഴ ശ്രീകുമാര്‍, മുരുകന്‍ കാട്ടാക്കട, സത്യപാല്‍ എന്നിവര്‍ സംസാരിക്കും.

കലാകായിക മത്സരങ്ങള്‍ ജില്ലയില്‍ നിരവധി കേന്ദ്രങ്ങളില്‍ നടത്തി. സംസ്ഥാനതല വോളിബോള്‍ ടൂര്‍ണമെന്റ് ആലങ്ങാടും ഫുട്ബോള്‍ ടൂര്‍ണമെന്റ് കോതമംഗലത്തും ക്രിക്കറ്റ് മത്സരം തൃപ്പൂണിത്തുറയിലും അത്ലറ്റിക് മത്സരങ്ങള്‍ എറണാകുളത്തും ചെസ്സ് മത്സരം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലും ഷട്ടില്‍ ബാഡ്മിന്റണ്‍ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും വടംവലി മത്സരം കവളങ്ങാടും നടക്കുന്നു.

ആനുകാലിക പ്രാധാന്യമുള്ള ഒമ്പത് വിഷയങ്ങളില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ നടന്നുവരികയാണ്. അഖിലേന്ത്യാ സമ്മേളനത്തിന്റെ നടത്തിപ്പ് പരമാവധി ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. സമ്മേളന പ്രതിനിധികള്‍ക്ക് ഭക്ഷണം ഒരുക്കുന്നതിനുള്ള അരി പച്ചക്കറി മത്സ്യം മാംസം മുട്ട എന്നിവ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തന്നെ ജൈവകൃഷി രീതിയില്‍ ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിലൂടെ പുതുതലമുറക്കിടയില്‍ ജൈവ കൃഷിരീതിയോട് ആഭിമുഖ്യം വളര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമ്മേളന പന്തലില്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ കാര്യത്തിലും പരമാവധി ഗ്രീന്‍ പ്രോട്ടോകോള്‍ പരമാവധി പാലിക്കും.

സമ്മേളന നടത്തിപ്പിനാവശ്യമായ ഫണ്ട് ജനുവരി 7,8,9 തീയതികളില്‍ ഹുണ്ടിക പിരിവിലൂടെയാണ് കണ്ടെത്തിയിട്ടുള്ളത്. സമ്മേളനത്തിന്റെ സംഘാടനത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ച്‌ പ്രവര്‍ത്തിച്ചുവരുന്നു.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എം എല്‍ എ, ജോയിന്റ് സെക്രട്ടറി എസ് സതീഷ്, ജില്ലാസെക്രട്ടറി അഡ്വ. കെ എസ് അരുണ്‍കുമാര്‍, ജില്ലാ പ്രസിഡണ്ട് പ്രിന്‍സി കുര്യാക്കോസ് എന്നിവരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *