KOYILANDY DIARY

The Perfect News Portal

കണ്ണൂരിൽ ഹർത്താൽ ഭാഗികം റോഡിലിറങ്ങിയ വാഹനങ്ങള്‍ തടഞ്ഞുവെച്ചു, സ്‌ക്കൂൾ കലോത്സവം അലങ്കോലമാക്കി

കണ്ണൂര്‍ : ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംഘര്‍ഷം. പ്രതിഷേധ പ്രകടനവുമായി റോഡിലിറങ്ങിയ ബിജെപിആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ റോഡുകള്‍ ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്ന പൊലീസ് സ്റ്റേഷന്‍ ഗ്രൗണ്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമാകുകയും ചെയ്തു. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് റോഡ് ഉപരോധിച്ച ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമാര്‍ട്ടം ചെയ്ത ശേഷമാണ് മൃതദേഹം ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ കണ്ണൂര്‍ നഗരത്തിലെത്തിച്ചത്. നേതാക്കള്‍ മൃതദേഹത്തെ അനുഗമിച്ച്‌ ഇവിടേക്ക് എത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെ അണിനിരത്തിയിരുന്നു. ഇതിനായി യുവജനോത്സവ ചുമതലയിലുണ്ടായിരുന്ന പോലീസുകാരേയും വിന്യസിച്ചിരുന്നു.

ജവഹര്‍ സ്റ്റേഡിയത്തിനു മുന്നില്‍ വെച്ച്‌ പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ രോഷാകുലരായതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. നഗരത്തില്‍ അവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതില്‍ പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കലോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്.

Advertisements

ഹര്‍ത്താല്‍ കലോല്‍സവത്തെയും സാരമായി ബാധിച്ചതിനെ തുടര്‍ന്ന് ഭൂരിഭാഗം വേദികളിലും സദസ്സ് ശുഷ്കമാണ്. കടകള്‍ അടഞ്ഞുകിടക്കുന്നതും വാഹനങ്ങള്‍ നിരത്തിലിറങ്ങാത്തതുമാണ് സദസ് ശുഷ്കമാകാന്‍ കാരണം. കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നടത്തിയിരുന്നെങ്കിലും പിന്നീട് പലതും റദ്ദാക്കി.

ബി.ജെ.പി പ്രവര്‍ത്തകനായ കണ്ണൂര്‍ മുല്ലപ്രം ചോമന്റവിട എഴുത്താന്‍ സന്തോഷാണ് ഇന്നലെ (52) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ അക്രമിസംഘം സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഉടന്‍ തലശ്ശേരിയിലെ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ധര്‍മടം പഞ്ചായത്തിലേക്ക് ബി.ജെ.പി സ്ഥാനാര്‍ഥിയായി സന്തോഷ് മത്സരിച്ചിരുന്നു.

ബുധനാഴ്ച വൈകീട്ട് മറ്റൊരു ബി.ജെ.പി പ്രവര്‍ത്തകന്‍ രഞ്ജിത്തിനും വെട്ടേറ്റിരുന്നു. രഞ്ജിത്തും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷം കണക്കിലെടുത്ത് സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹമത്തെിയിട്ടുണ്ട്. കഴിഞ്ഞദിവസം വിനോദയാത്ര കഴിഞ്ഞത്തെിയ മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ബ്രണ്ണന്‍ കോളജ് കാമ്ബസിലത്തെിയ ഒരുസംഘം ആക്രമിച്ചിരുന്നു.

രാത്രി ഒരു മണിയോടെ തളിപ്പറമ്ബില്‍ ആര്‍.എസ്.എസ് കാര്യാലയത്തിനു നേരെ ബോംബേറുമുണ്ടായി. തൃച്ചംബരം വിവേകാനന്ദ സാംസ്കാരിക നിലയത്തിനു നേരെയുണ്ടായ ബോംബേറില്‍ കതകുകളും കസേരകളും തകര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *