KOYILANDY DIARY

The Perfect News Portal

ജനല്‍കമ്പി പൊട്ടിച്ച്‌ മോഷണശ്രമം

രാമനാട്ടുകര: ജനല്‍കമ്പി വിദഗ്ധമായി പൊട്ടിച്ച്‌ വീട്ടിനകത്തു കയറി മോഷണശ്രമം. രാമനാട്ടുകര തോട്ടുങ്ങല്‍ ചമ്മലില്‍ പള്ളിക്കു സമീപം വൈറ്റ് ഹൗസില്‍ വി.പി.മുഹമ്മദിന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി 11 നും 2 മണിക്കും ഇടയില്‍ മോഷണശ്രമം നടന്നത്. മുഹമ്മദും ഭാര്യയും രണ്ടു മക്കളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങിയ കുടുംബമാണ് വീട്ടിലുണ്ടായിരുന്നത്.

കാര്‍ പോര്‍ച്ചിനു സമീപത്തെ ജനലിന്റെ താഴെ ഭാഗത്തുള്ള അഞ്ചു കമ്പികള്‍ യന്ത്രസഹായത്തോടെ അറുത്തു മാറ്റിയാണ് മോഷ്‍ടാവ് അകത്തു കടന്നത്. പൂമുഖത്ത് നിന്ന് അകത്തേക്കുള്ള വാതില്‍ തുരന്നിട്ടുണ്ട്. ഇതിലൂടെ കൈ ഉള്ളിലേക്കിട്ട് ടവര്‍ ബോള്‍ട്ട് നീക്കി അകത്ത്കടക്കുകയായിരുന്നു. രണ്ടു കിടപ്പുമുറികളുടെ ലോക്കുകള്‍ പുറമെ നിന്ന് നൂല്‍ കമ്ബി ഉപയോഗിച്ച്‌ കെട്ടിയിട്ടതിനാല്‍ ഇവിടെ കിടന്നുറങ്ങിയിരുന്നവര്‍ക്ക് ശബ്‍ദം കേട്ട് പെട്ടെന്ന് വാതില്‍ തുറന്ന് പുറത്തേക്കു വരാന്‍ കഴിഞ്ഞില്ല.
മുകള്‍ നിലയിലെ കിടപ്പുമുറിയുടെ വാതില്‍ തുറക്കുന്ന ശബ്ദം മുഹമ്മദിന്റെ മകനാണ് ആദ്യം കേട്ടത്. ഇയാള്‍ പുറത്തിറങ്ങാതെ വീട്ടിലുള്ള മറ്റുള്ളവരെ ഫോണ്‍ മുഖേന വിവരം അറിയിക്കുകയായിരുന്നു.

ഉടന്‍ തന്നെ ലൈറ്റുകള്‍ തെളിഞ്ഞതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. വീടിനുചുറ്റും സി.സി. കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. മോഷ്ടാവ് നാലു മണിക്കൂര്‍ ഇവിടെ ചെലവഴിച്ചതായി കാമറയില്‍ നിന്ന് വ്യക്തമായി.ബര്‍മുഡ ധരിച്ച്‌, മുഖം തുണി കൊണ്ട് മറച്ച്‌ പുറകില്‍ ബാഗും തൂക്കിയ ആളാണ്. രാത്രി 11 നു ശേഷം ഇവിടെ ഇടിയോടു കൂടിയ മഴ ഉണ്ടായിരുന്നു. രാത്രി തന്നെ ഫറോക്ക് പൊലീസും, ഫ്ളൈയിംഗ് സ്ക്വാഡും സ്ഥലത്തെത്തി സമീപ പ്രദേശങ്ങളില്‍ പരിശോധിച്ചെങ്കിലും തെളിവുകളൊന്നും കിട്ടിയില്ല. രാവിലെ വിരലടയാള പരിശോധനാ വിദഗ്ദ്ധരായ വത്സരാജ്,ഹാരിസ് എന്നിവരും ഡോഗ് സ്ക്വാഡിലെ റൂണി എന്ന നായയും സ്ഥലത്തെത്തി തെളിവെടുത്തു. പൊലീസ് നായ സമീപത്തെ നിര്‍മ്മാണം നടക്കുന്ന വീടു വരെ പോയി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *