KOYILANDY DIARY

The Perfect News Portal

കലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോണ്‍ കലോത്സവത്തിന് തുടക്കം

വടകര: കലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോണ്‍ കലോത്സവത്തിന് അരങ്ങുണര്‍ന്നു. മടപ്പള്ളി ഗവ.കോളജിലെ ആറു വേദികളിലായാണ് മത്സരങ്ങള്‍. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടന്ന സ്റ്റേജിതര മത്സരങ്ങള്‍ക്കു തുടര്‍ച്ചയായി ഇന്നലെ രാവിലെയാണ് മൂന്നു ദിവസത്തെ സ്റ്റേജ് മത്സരങ്ങള്‍ക്ക് തിരശീല ഉയര്‍ന്നത്.

യൂനിവേഴ്സിറ്റി യൂനിയന്‍ ചെയര്‍പേഴ്സണ്‍ പി.സുജയുടെ അദ്ധ്യക്ഷതയില്‍ പ്രശസ്ത നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. തങ്ങള്‍ക്കു രൂചിക്കാത്ത കാര്യങ്ങള്‍ പറയുന്നവരെ കൈയേറ്റം ചെയ്യുന്ന പ്രവണത ചിലയിടങ്ങളില്‍ മാത്രമല്ല, രാജ്യത്തെ ബാധിക്കുന്ന സമസ്ത മേഖലയിലും സംഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വലിയ രാഷ്ട്രീയ ജാഗ്രതയും സാംസ്കാരിക പ്രതിരോധവും ഉത്തരവാദിത്വവും ആവശ്യമായി വന്നിരിക്കുകയാണെന്ന് രാമകൃഷ്ണന്‍ പറഞ്ഞു.

പ്രോ വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡീന്‍ ഡോ.വത്സരാജ്, മടപ്പള്ളി കോളജ് പ്രിന്‍സിപ്പല്‍ എം.ചിത്രലേഖ, കവി വീരാന്‍കുട്ടി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.എസ്.ജിനീഷ്, കോളജ് യൂനിയന്‍ ചെയര്‍മാന്‍ ടി.ടി.ജാഫര്‍ എന്നിവര്‍ സംസാരിച്ചു.

Advertisements

യൂണിവേഴ്സിറ്റി യൂണിയന്‍ ജില്ലാ എക്സിക്യൂട്ടീവ് നജ്മു സാഖിബ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി.അതുല്‍ നന്ദിയും പറഞ്ഞു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകളിലെ ദേശഭൂപടങ്ങളായ മാച്ചിനാരി, കാരക്കാട്, അറക്കല്‍, കുഞ്ഞിപ്പള്ളി, ഗോസായിക്കുന്ന് എന്നിവയാണ് വേദികള്‍ക്ക് നാമകരണം ചെയ്തിട്ടുള്ളത്.

കുച്ചുപ്പുടി മത്സരം നടന്ന ഗോസായിക്കുന്നില്‍ നിറഞ്ഞ സദസ് ആസ്വദിക്കാനെത്തിയപ്പോള്‍ ദഫ് മുട്ട് നടന്ന കാരക്കാട് വേദിക്കു മുന്നിലും കാണികളുടെ ബാഹുല്യം അനുഭവപ്പെട്ടു. തിരുവാതിരക്കളി, കേരളനടനം, ശാസത്രീയസംഗീതം, ലളിതഗാനം, കഥകളി സംഗീതം, കാവ്യകേളി, ട്രിപ്പിള്‍ ഡ്രം, ജാസ്, വയലിന്‍, വീണ, ഗിറ്റാര്‍, വെസ്റ്റേണ്‍ മ്യൂസിക് എന്നിവയിലും മത്സരം നടന്നു.

 

Leave a Reply

Your email address will not be published. Required fields are marked *