KOYILANDY DIARY

The Perfect News Portal

കോണ്‍ഗ്രസ് നേതാവ്‌ എ വി ശ്രീധരന്‍ അന്തരിച്ചു; നാളെ മാഹിയിൽ ഹർത്താൽ

മയ്യഴി> പുതുച്ചേരി മുന്‍ ഡപ്യൂട്ടിസ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ എ വി ശ്രീധരന്‍ (71) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചാലക്കരയിലെ വീട്ടുവളപ്പില്‍. രാവിലെ എട്ട് മുതല്‍ പള്ളൂരിലും പിന്നീട് മാഹിയിലും പൊതുദര്‍ശനത്തിന് വെക്കും. ആദരസൂചകമായി ശനിയാഴ്ച പകല്‍ രണ്ട്‌വരെ മാഹിയില്‍ ഹര്‍ത്താലാചരിക്കും.

1985 മുതല്‍ കാല്‍നൂറ്റാണ്ട് കാലം പള്ളൂര്‍ മണ്ഡലത്തില്‍ നിന്ന് പുതുച്ചേരിനിയമസഭാംഗമായിരുന്നു. പുതുച്ചേരി മുഖ്യമന്ത്രിയുടെ പാര്‍ലമെണ്ടറി സെക്രട്ടറി, ചീഫ് വിപ്പ്, പുതുച്ചേരി നിയമസഭയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാഹി സ്‌പിന്നിങ്ങ്മില്‍ തൊഴിലാളിയായാണ് ജീവിതം ആരംഭിച്ചത്. സ്‌പിന്നിങ്ങ്മില്ലിലെ ഐഎന്‍ടിയുസി യൂനിയന്റെ പ്രധാന നേതാവായിരുന്നു. മാഹി ബ്ളോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി
പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഗായകനും നാടകനടനുമായിരുന്നു.

എ വി കുഞ്ഞമ്പുവിന്റെയും സി പി ദേവിയുടെയും മകനായി 1945 സപ്തംബറിലാണ് ജനനം. ഭാര്യ: ഐ എം സീത. മക്കള്‍: എ വി ഷെജിന്‍, സുബിന്‍. സഹോദരങ്ങള്‍: പുരുഷോത്തമന്‍, ഭരതന്‍, ശാന്ത, ശശിധരന്‍.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *