KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഫെസ്റ്റിന് അൽപ സമയത്തിനകം തിരിതെളിയും

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിയ്ക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് നാഗരികത്തിന് അൽപസമയത്തിനകം തിരിതെളിയും. സപ്തംബർ 3 മുതൽ 12 വരെ നടക്കുന്ന ഫെസ്റ്റ് വിജയിപ്പിയ്ക്കാൻ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ തയ്യാറെടുപ്പ് പൂർത്തിയായി. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്യും. എം.എൽ.എ കെ.ദാസൻ അദ്ധ്യക്ഷത വഹിയ്ക്കും. നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ സ്വാഗതം പറയുന്ന ചടങ്ങിൽ മുല്ലപ്പളളി രാമചന്ദ്രൻ എം.പി ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ, മറ്റു ജനപ്രതിനിധികൾ, നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിയ്ക്കും. കുടുംബശ്രീ വിപണന മേളയും, പത്ത് ദിവസം നീണ്ടു നിൽക്കുന്ന കലാ സാംസ്‌ക്കാരിക പരിപാടികൾകൊണ്ട് ശ്രദ്ധേയമാകുന്ന വിധത്തിലാണ് നാഗരികം ആസൂത്രണം ചെയ്തിട്ടുളളത്. 4 മണിയോടുകൂടി നഗരസഭയിലെ കുടുംബശ്രീ പ്രവർത്തകരുടെ വർണ്ണശബളമായ ഘോഷയാത്ര കൃഷ്ണ തീയറ്റർ പരിസരത്ത് നിന്നാരംഭിച്ച് നഗരം ചുറ്റി ടൗൺഹാൾ പരിസരത്ത് സമാപിയ്ക്കും. കൊയിലാണ്ടി നഗരസഭയിലെ 44 വാർഡുകളിലെയും കുടുംബശ്രീ പ്രവർത്തകർ നിർമ്മിച്ച ഉൽപ്പന്നങ്ങൾ കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് ഒരുക്കിയ സ്റ്റാളുകളിൽ വിറ്റഴിയ്ക്കും. നഗരസഭയ്ക്ക് പുറത്തുളള സംഘങ്ങളുടെ ഉൽപ്പന്നങ്ങളും സ്റ്റാളുകളിൽ ലഭ്യമാകും. അറുപതോളം സ്റ്റാളുകളാണ് ഇതിനുവേണ്ടി തയ്യാറാക്കിയിട്ടുളളത്.