KOYILANDY DIARY.COM

The Perfect News Portal

എഫ് ട്യൂണ്‍ ഫെയ്സ് ക്രീമിന്റെ ഔദ്യോഗിക വെബ്സൈറ്റുകള്‍ പൂട്ടി

.

മലപ്പുറം: മലപ്പുറത്ത് ഫെയര്‍നസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ വൃക്ക തകരാറിലായ സംഭവത്തില്‍ എഫ് ട്യൂണ്‍ ഫെയ്സ് ക്രീമിന്റെ ഔദ്യോഗിക വെബ്സൈറ്റുകള്‍ പൂട്ടി. ക്രീമിന്റെ പരസ്യങ്ങളില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറുകളും നിലവില്‍ പ്രവര്‍ത്തനരഹിതമാണ്. നമ്പറുകളുടെ ഉടമകളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് സൈബര്‍ സെല്ലിന് കത്ത് നല്‍കി.

 

വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ വിശദമായ മൊഴിയും വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വ്യാജ ഫെയര്‍നസ് ക്രീമുകളുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. നേരത്തെ പൊലീസും ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പും പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍.

എഫ് ട്യൂണുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളില്‍ നാല് ഫോണ്‍ നമ്പറുകളാണ് ഉപയോഗിച്ചിരുന്നത്. ഇതില്‍ പ്രധാനിയെന്ന് കരുതുന്ന കാസര്‍ഗോഡ് സ്വദേശിയായ സ്ത്രീയുടെ നമ്പറും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ഫെയര്‍നസ് ക്രീമിന്റെ ഔദ്യോഗിക വെബ്സൈറ്റുകളും നിലവില്‍ ലഭ്യമല്ല. അന്വേഷണ സംഘത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് സൈറ്റുകള്‍ അടച്ചുപൂട്ടിയെന്നാണ് വിവരം.

 

Share news