കൊയിലാണ്ടിയില്‍ വെറ്റിനറി യൂണിവേര്സിറ്റി മേഖലാ കേന്ദ്രം
കൊയിലാണ്ടി: നഗരസഭയില്‍ വെറ്റിനറി യൂണിവേര്സിറ്റി മേഖലാ കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാല അധികൃതരും നഗരസഭാ കൗണ്‍സിലും കെ.ദാസന് എം.എല്‍.യുടെ സാന്നിധ്യത്തില്‍ വിശദമായി ചര്‍ച്ച നടത്തി. വിവിധ ഡിപ്ലോമ കോഴ്സുകള്‍, വിപുലമായ പരിശീലന കേന്ദ്രം, ഗവേഷണ കേന്ദ്രം എന്നിവ ഉള്‍പ്പെടുന്ന കേന്ദ്രം പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയുടെ കീഴില്‍ സജ്ജീകരിക്കുകയാണ് ലക്ഷ്യമിടുന്നത്.
മൃഗപരിപാലനത്തിന് വേണ്ട ആധുനിക പരിശീലനം, വിവിധ ഡിപ്ലോമ കോഴ്സുകള്‍ക്കുള്ള സൗകര്യമൊരുക്കല്‍, രോഗ നിയന്ത്രണം, വന്ധ്യത നിയന്ത്രണം, വന്ധ്യതാ നിവാരണം എന്നിവ സംബന്ധിച്ച ഗവേഷണങ്ങളും മേഖലാ കേന്ദ്രത്തിന്റെ പ്രവര്‍ത്തന ഭാഗമാവും. കാവുംവട്ടം വലിയമലയില്‍ ഇതിനാവശ്യമായ 5 ഏക്കര്‍ സ്ഥലം നഗരസഭ സര്‍വ്വകലാശാലക്ക് കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കെ.ദാസന് എം.എല്‍.എ; ,നഗരസഭ ചെയര്മാന് അഡ്വ. കെ.സത്യന്, സര്‍വ്വകലാശാല റജിസ്ട്രാര്‍ ഡോ.ജോസഫ് മാത്യു, ഡോ.അശോക്, ഡോ.നാരായണന്, ഡോ.മുനീര്‍, കിഷോര്‍, നഗരസഭ വൈസ് ചെയര്പേഴ്സന് വി.കെ.പത്മിനി, നഗരസഭാംഗങ്ങളായ യു.രാജീവന്, വി.പി.ഇബ്രാഹിംകുട്ടി, എം.സുരേന്ദ്രന്, എന്‍.കെ.ഭാസ്കരന്, വി.സുന്ദരന്‍, കെ.ഷിജു, വി.കെ.അജിത, ദിവ്യസെല്‍വരാജ്, സെക്രട്ടറി ഷെറില്‍ ഐറിന് സോളമന് എന്നിവര്‍ സംസാരിച്ചു.




