KOYILANDY DIARY

The Perfect News Portal

ആഴാവിൽ കരിയാത്തൻ ക്ഷേത്രത്തോടനുബന്ധിച്ചുള്ള തറവാട്ടു പുരയുടെ കെട്ടിമേയൽ ആഘോഷത്തോടെ നടന്നു

കൊയിലാണ്ടി: നടേരി ആഴാവിൽ കരിയാത്തൻ ക്ഷേത്രത്തോടനുബന്ധിച്ചുള്ള തറവാട്ടു പുരയുടെ കെട്ടിമേയൽ ആഘോഷത്തോടെ നടന്നു. മകരപുത്തരിക്കു ശേഷമുള്ള അവധി ദിനത്തിലാണ് തറവാട് കെട്ടിമേഞ്ഞത്. ക്ഷേത്രവുമായി അടുത്ത ബന്ധമുള്ളവരും സമീപവാസികളും ശ്രമദാനമായി പുരകെട്ടിമേയലിൽ പങ്കാളികളായി. ആയിരത്തിൽ കൂടുതൽ ഓല, 200 പനയോല, 500 കെട്ട് വൈക്കോൽ എന്നിവ ഉപയോഗിച്ചാണ് തറവാട് പുര കെട്ടിമേയുക പതിവ്. ഓലമേയുന്നവർക്ക് പുഴുക്കും കഞ്ഞിയും നൽകും. പ്രദേശത്തെ സ്ത്രീകളാണ് ഇതൊരുക്കുക. മൺകട്ട കൊണ്ട് പണിത ഈ വീട് കാണാൻ ദൂര ദിക്കുകളിൽ നിന്നുപോലും ആളുകളെത്താറുണ്ട്. പുരകെട്ടിമേയാൽ പഴയ ഓലകൾ പൊളിച്ചിട്ടാൽ ചുമരിൽ മണ്ണു കലക്കി തേയ്ക്കും. നിലം ചാണകമെഴുകും. ഉച്ചാൽ തിറ മഹോത്സവമാണ് ഇവിടുത്തെ പ്രധാന ആഘോഷം.

ഇത്തവണത്തെ ഉച്ചാൽത്തിറ മഹോത്സവം ഫെബ്രുവരി 11, 12 തീയതികളിൽ നടക്കും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും ഉത്സവമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. മലദൈവമായ കരിയാത്തനാണ് ക്ഷേത്രത്തിലെ ആരാധനമൂർത്തി. അതുകൊണ്ടുതന്നെ വയനാട്, കോഴിക്കോടിന്റെ മലയോര മേഖലയിൽ നിന്നടക്കമുള്ള പ്രദേശങ്ങളിലെ ആദിവാസികളടക്കമുള്ള ഭക്തർ ക്ഷേത്രോത്സവത്തിന് എത്താറുണ്ടായിരുന്നു. കൊയിലാണ്ടിയിൽ നിന്ന് മുത്താമ്പി വഴിയും അണേല വഴിയും ക്ഷേത്രത്തിലെത്താം. വീടുകളിൽ പശുക്കൾ പ്രസവിച്ചാൽ ആദ്യം കറന്നെടുക്കുന്ന പാൽ ആഴാവിൽ കരിയാത്തന് എന്ന സങ്കല്പം നാളുകളായി നിലനിൽക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *