KOYILANDY DIARY

The Perfect News Portal

അമിട്ട് നിലത്തു വെച്ച് പൊട്ടിയപ്പോൾ തകർന്നത് സന്തോഷിൻ്റെ കാലുകൾ

കൊയിലാണ്ടി: ആകാശത്ത് വർണ വിസ്മയം തീർക്കുന്ന അമിട്ട് നിലത്തു വെച്ച് പൊട്ടിയപ്പോൾ തകർന്നത് സന്തോഷിൻ്റെ ഇരു കാലുകൾ. ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രോത്സവം നടക്കുമ്പോഴാണ് പുറക്കാട് വെടിക്കെട്ടും മറ്റും നടക്കുന്നത്. പള്ളിവേട്ട ദിവസമായ ഡിസംബർ 24-ന് രാത്രിയായിരുന്നു വെടിക്കെട്ട്. വെടിക്കെട്ടിൻ്റെ അവസാനമെത്തിയപ്പോഴാണ് അമിട്ടുകളും മറ്റും മുകളിലോട്ട് പോകുന്നതിന് പകരം ദിശതെറ്റി ചരിഞ്ഞ് കാഴ്ചക്കാർ നിൽക്കുന്നതിനിടയിലേക്ക് വീണ് പൊട്ടിയത്. ഇവയിൽ‍ ഒരു അമിട്ട് സന്തോഷിൻ്റെ ഇരു കാലുകൾക്കുമിടയിൽ നിന്നായിരുന്നു പൊട്ടിയത്. മുട്ടിന് താഴെ കാലിൻ്റെ എല്ലുകൾ ചിതറി. പരിക്കിനെ തുടർന്ന് വിദേശത്തേക്ക് തിരിച്ചു പോകാൻ കഴിയാതെ ഒരേ കിടപ്പിൽ കഴിയുന്ന അയനിക്കാട് നീലേരിക്കണ്ടി കെ. സന്തോഷിൻ്റെ (47) ജീവിതത്തിൽ ഇതോടെ ഇരുൾ വീണു.

കൊയിലാണ്ടി ഗവ. ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും ചികിത്സ തേടിയെങ്കിലും മുറിവിനുണ്ടായ പഴുപ്പ് മുകളിലേക്ക് കയറിയതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയെ ആശ്രയിച്ചു. ഇതിനകം മൂന്ന് ഓപ്പറേഷൻ കഴിഞ്ഞു. ഡിസംബർ 28-ന് ബഹ്‌റൈനിൽ ഡ്രൈവർ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു സന്തോഷ്. മറ്റ് രണ്ടു പേർക്കുകൂടി അപകടത്തിൽ പരിക്കേറ്റിരുന്നു. അപകടത്തിനു ശേഷം സന്തോഷിൻ്റെ ബന്ധു സൈനികനായ ഇരിങ്ങത്ത് പി.എം. പ്രവീൺ കൊയിലാണ്ടി പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് തയ്യാറായില്ല. പിന്നീട് റൂറൽ എസ്.പി.ക്ക് പരാതി നൽകിയപ്പോഴാണ് കേസെടുത്തത്. ഇതിന് ശേഷമാണ് സന്തോഷിനെ സന്ദർശിക്കാൻ ഉത്തരവാദപ്പെട്ടവർ തയ്യാറായതെന്നും ഇതുവരെ ചികിത്സക്കായി സഹായമൊന്നും ലഭിച്ചില്ലെന്നും സന്തോഷിൻ്റെ ഭാര്യ സജിഷ പറഞ്ഞു. അനുമതിയില്ലാതെ വെടിക്കെട്ട് നടത്തി അപകടമുണ്ടാക്കിയതിനാണ് കേസ്. എന്നാൽ പുറക്കാട് നടക്കുന്ന ആഘോഷവും വെടിക്കെട്ടുമായി കൊങ്ങന്നൂർ ക്ഷേത്രത്തിന് ഒരു ബന്ധവുമില്ലെന്ന് ക്ഷേത്രകമ്മിറ്റി സെക്രട്ടറി പറഞ്ഞു. നരിയംവള്ളി വയൽ ഉത്സവാഘോഷ കമ്മിറ്റിക്കും വെടിക്കെട്ടിൽ നേരിട്ട് ബന്ധമില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *