KOYILANDY DIARY.COM

The Perfect News Portal

തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫ് പിടിച്ചെടുത്തു

എടപ്പാള്‍: തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇന്ന് പകല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ അബ്ദുള്‍ നാസര്‍ ഒമ്ബതിനെതിരെ പത്ത് വോട്ടുകള്‍ക്ക് വിജയിച്ചു. അബ്ദുള്‍ നാസര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഒരുമാസം മുമ്പ്‌ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. എല്‍ഡിഎഫിനും യുഡിഎഫിനും ഒന്‍പത് സീറ്റും ഒരു സ്വതന്ത്രനുമാണ് ഉണ്ടായിരുന്നത്. എന്നാല്‍, കൂരട വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച അബ്ദുള്‍ നാസര്‍ വിജയിച്ചതോടെ എല്‍ഡിഎഫിന് പത്തും യുഡിഎഫിന് ഒന്‍പത് സീറ്റുമായി.

നേരത്തെ മദിരശേരിയില്‍ സ്വതന്ത്രനായി വിജയിച്ച കെ പി സുബ്രഹ്മണ്യന്‍ ഒപ്പം ചേര്‍ന്നതോടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. കെ പി സുബ്രഹ്മണ്യന്‍ പഞ്ചായത്ത് പ്രസിഡന്റായി. അഞ്ചുമാസമാകുമ്ബോഴേക്കും കൃത്യതയോടെ ഭരണം കാഴ്ചവയ്ക്കാന്‍ യുഡിഎഫ് അംഗങ്ങളും നേതാക്കളും അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് സുബ്രഹ്മണ്യന്‍ എല്‍ഡിഎഫിനെ സമീപിച്ചു. തുടര്‍ന്ന്, എല്‍ഡിഎഫ് പിന്തുണയോടെ സുബ്രഹ്മണ്യന്‍ വീണ്ടും പ്രസിഡന്റായി. എന്നാല്‍, മുന്നണി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് അനുസരിച്ച്‌ ഭരണം കൊണ്ടുപോകുന്നതില്‍ പ്രസിഡന്റ് പരാജയപ്പെട്ടതോടെ എല്‍ഡിഎഫ് അംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചു.

ഇതിനിടെ സുബ്രഹ്മണ്യന്‍ മറുകണ്ടംചാടി പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തി. ഇതില്‍ പ്രതിഷേധിച്ച്‌ മുസ്ലിംലീഗ് പഞ്ചായത്ത് അംഗം അബ്ദുള്‍ നാസര്‍ സ്ഥാനം രാജിവച്ച്‌ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച്‌ ജയിക്കുകയായിരുന്നു. തുടര്‍ന്നാണ്, ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങിയ പ്രസിഡന്റിനെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!