KOYILANDY DIARY

The Perfect News Portal

കോവിഡ്​ മഹാമാരിയുടെ തുടര്‍ പ്രശ്​നങ്ങളെ കുറിച്ച്‌​ മുന്നറിയിപ്പു നല്‍കി ബ്രിട്ടീഷ്​ വിദഗ്​ധര്‍

ലണ്ടന്‍: രണ്ടാം തരംഗമായി ലോകമെങ്ങും അതിവേഗം പടരുന്ന കോവിഡ്​ മഹാമാരിയുടെ തുടര്‍ പ്രശ്​നങ്ങളെ കുറിച്ച്‌​ മുന്നറിയിപ്പു നല്‍കി ബ്രിട്ടീഷ്​ വിദഗ്​ധര്‍. രണ്ട്​ ലക്ഷത്തിലേറെ കോവിഡ്​ മുക്​തരില്‍ നടത്തിയ പഠനത്തിനൊടുവില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ്​ ശക്​തമായ മുന്നറിയിപ്പുള്ളത്​. മൂന്നിലൊന്ന്​ ​പേരിലും മാനസിക പ്രശ്​നങ്ങളോ നാഡീസംബന്ധമായ രോഗങ്ങളോ ബാധിക്കുന്നതായാണ്​ കണ്ടെത്തല്‍. രോഗം വന്ന്​ ആറു മാസത്തിനകം ഇവരില്‍ പ്രശ്​നങ്ങള്‍ ക​ണ്ടെത്തിയതായും ‘ലാന്‍സെറ്റ്​ സൈക്യാട്രി’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട്​ പറയുന്നു.

ഉത്​കണ്​ഠയാണ്​ കൂടുതലായി കണ്ടെത്തിയ പ്രശ്​നം- 17 ശതമാനം. മാനസിക അവസ്​ഥയില്‍ പെ​ട്ടെന്നുള്ള മാറ്റം കണ്ടത്​ 14 ശതമാനത്തിലും. മറ്റു പകര്‍ച്ചപ്പനി ബാധിച്ചവരെ അപേക്ഷിച്ച്‌​ ഇത്​ ഏറെ കൂടുതലാണ്​. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളിലാണ്​ നാഡീസംബന്ധമായ രോഗങ്ങള്‍ കൂടുതലായി തിരിച്ചറിഞ്ഞത്​. തലച്ചോറിലും നാഡീവ്യവസ്​ഥയിലും കൊറോണ വൈറസ്​ ഏല്‍പിക്കുന്ന ആഘാതം സംബന്ധിച്ച്‌​ കൂടുതല്‍ പഠനം വേണമെന്ന്​ നോട്ടിങ്ങാം യൂനിവേഴ്​സിറ്റിയിലെ സൈക്യാട്രി പ്രഫസര്‍ ഡോ. മൂസ സമി പറഞ്ഞു.

ഓര്‍മ നഷ്​ടം, മസ്​തിഷ്​കാഘാതം പോലുള്ള ഗുരുതര പ്രശ്​നങ്ങളും അപൂര്‍വമായി തിരിച്ചറിഞ്ഞിട്ടുണ്ട്​. എന്നാല്‍, തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സ തേടിയവരിലാണ്​ ഇതിന്‍റെ സാധ്യത കണ്ടെത്തിയത്​. അതേ സമയം, എന്തുകൊണ്ടാകാം ഈ പ്രശ്​നങ്ങളെന്ന്​ സംഘം അന്വേഷിച്ചിട്ടില്ല. രോഗം വന്നതോടെ അനുഭവിക്കേണ്ടിവന്ന മാനസിക പ്രശ്​നങ്ങള്‍ രോഗം വരുത്തിയെന്നു സംശയിക്കാമെന്ന്​ ഓക്​സ്​ഫഡ്​ ന്യൂറോളജി പ്രഫസര്‍ പറഞ്ഞു. കോവിഡ്​ രോഗികളില്‍ നടത്തിയ ഏറ്റവും വലിയ പഠനമായാണ്​ ഇത്​ പരിഗണിക്കപ്പെടുന്നത്​.

Advertisements

Leave a Reply

Your email address will not be published. Required fields are marked *