കൊവിഡ് വാക്സിനേഷന്: ഖത്തറിന് രാജ്യാന്തര തലത്തില്‍ അംഗീകാരം
അതിവേഗ കൊവിഡ് വാക്സിനേഷന് നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുന്ന ഖത്തറിന് രാജ്യാന്തര തലത്തില്‍ അംഗീകാരം. രാജ്യത്ത് കൊവിഡ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനം പിന്നിട്ട വാര്‍ത്തകള്‍ക്കു പിന്നാലെ, ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ശതമാനം പേര് വാക്സിനെടുത്ത രാജ്യങ്ങളില്‍ ലോകത്ത് രണ്ടാം സ്ഥാനം എന്ന ബഹുമതിയും ഖത്തറിനെ തേടിയെത്തി. ലോകമെമ്പാടുമുള്ള കൊവിഡ് വാക്സിനേഷന് വിവരങ്ങള്‍ സമാഹരിക്കുന്ന ‘ഔവര്‍ വേള്‍ഡ് ഇന്‍ ഡാറ്റ’ പ്രസിദ്ധീകരിച്ച സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരമാണ് ഖത്തറിനെ രാജ്യാന്തരതലത്തില്‍ രണ്ടാം സ്ഥാനത്തെത്തിച്ചത്.


ഒരു ഡോസ് എങ്കിലും വാക്സിന് സ്വീകരിച്ചവര്‍ 92.3 ശതമാനമായതോടെയാണ് ലോകത്ത് ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ ശതമാനം പേര് വാക്സിന് സ്വീകരിച്ചവരുടെ പട്ടികയില്‍ ഖത്തര്‍ രണ്ടാമതെത്തിയത്. അതേസമയം, വാക്സിന് സ്വീകരിക്കാന്‍ യോഗ്യരായ 12 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യാനുപാതികമായാണ് ശതമാനം കണക്കാക്കുന്നത്. 20 ത് ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള രാജ്യങ്ങളുടെ കണക്കില്‍ രണ്ട് ഡോസും സ്വീകരിച്ച് സമ്ബൂര്‍ണ വാക്സിനേറ്റഡ് ആയവരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഖത്തര്‍.


