നടനും സംവിധായകനുമായ കെ ഭാഗ്യരാജ് (73) അന്തരിച്ചു
.
ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ കെ ഭാഗ്യരാജ് (73) അന്തരിച്ചു. ചികിത്സയിലിരിക്കെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംവിധായകന്, അഭിനേതാവ്, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്, നിര്‍മ്മാതാവ്, രാഷ്ട്രീയ പ്രവര്ത്തകന് എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം. മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

തനതായ ഹാസ്യശൈലിയും കുടുംബബന്ധങ്ങളുടെ കഥ പറയുന്ന തിരക്കഥകളുമാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പ്രധാന പ്രത്യേകത. ഇന്ത്യന്‍ സിനിമയിലെ തിരക്കഥകളുടെ രാജാവ് എന്നാണ് ഭാഗ്യരാജ് അറിയപ്പെടുന്നത്. നടനെന്ന നിലയില്‍ 75ലധികം സിനിമകളില്‍ അഭിനയിക്കുകയും 25ലധികം സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലും അദ്ദേഹം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

അന്ത ഏഴു നാട്കള്‍ (1981), തൂറല് നിന്നു പോച്ചു (1982), മുന്താണൈ മുടിച്ചു (1983), ചിന്ന വീട് (1985), ആഖ്രി രാസ്ത (അമിതാഭ് ബച്ചന് നായകനായ ഹിന്ദി ചിത്രം – 1986), രാസുകുട്ടി (1992) തുടങ്ങിയവാണ് പ്രധാന സിനിമകള്‍. മിസ്റ്റര്‍ മരുമകന്, ഹൈ അലേര്‍ട്ട് തുടങ്ങിയവയാണ് അദ്ദേഹം മലയാളത്തില്‍ അഭിനയിച്ച് പ്രധാന സിനിമകള്‍. സിനിമയ്ക്ക് പുറമെ ‘ഭാഗ്യ’ എന്ന തമിഴ് പ്രതിവാര മാസികയുടെ എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു.

പ്രശസ്ത നടി പൂര്‍ണിമ ജയറാമാണ് ഭാഗ്യരാജിന്റെ ഭാര്യ. ആദ്യ ഭാര്യ അന്തരിച്ച നടി പ്രവീണയായിരുന്നു. ചലച്ചിത്ര താരം ശന്തനു ഭാഗ്യരാജ് മകനാണ്.



