KOYILANDY DIARY.COM

The Perfect News Portal

ഉമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ഒന്നര വയസുകാരനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു

ചെങ്ങന്നൂര്‍: വീട്ടനകത്ത് ഉമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ഒന്നര വയസുകാരനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ചെറിയനാട് കൊല്ലകടവ് തടത്തില്‍ വീട്ടില്‍ അനീഷ്-അന്‍സീന ദമ്പതികളുടെ മകന്‍ അമാനെയാണ് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ പിന്നീട് വിടിന് 500 മീറ്റര്‍ അകലെ കണ്ടെത്തി.

പുലര്‍ച്ചെ കഴുത്തില്‍ ആരോ കുത്തിപ്പിടിച്ചതിനെ തുടര്‍ന്നാണ് അന്‍സീന ഞെട്ടിയുണര്‍ന്നത്. മോഷ്ടാവിന്റെ കൈകളില്‍ അന്‍സീനയ്ക്ക് പിടികിട്ടിയെങ്കിലും മാലയുടെ ഭാഗങ്ങള്‍ ഉപേക്ഷിച്ച്‌ ഇയാള്‍ രക്ഷപെട്ടു.

ഉണര്‍ന്നു ലൈറ്റിട്ടപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്നറിഞ്ഞത്. ബഹളം കൂട്ടിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉണര്‍ന്നു. വിവരമറിഞ്ഞ അയല്‍വാസികളും അന്വേഷണം ആരംഭിച്ചു.

500 മീറ്റര്‍ ദൂരെ മാറി കൊല്ലകടവ് ഗവ. മുഹമ്മദന്‍സ് ഹൈസ്കൂളിന്റെ മുന്‍ഭാഗത്തെ റോഡിന്റെ വശത്ത് തറയോടു പാകിയ സ്ഥലത്ത് കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപവാസി എടുത്തു കൊണ്ടുവരികയായിരുന്നു.

കട്ടിലില്‍ നിന്നും കുട്ടിയെ എടുക്കുമ്പോള്‍ ഉണ്ടായിരുന്ന പുതപ്പ് സമീപത്തു നിന്നും ഇതിനൊപ്പമുണ്ടായിരുന്ന ഷാള്‍ മണ്ണെണ്ണ പുരട്ടിയ നിലയില്‍ പുരയിടത്തില്‍ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി.

വീടിനോട് ചേര്‍ന്നുള്ള കിണറിനു മുകളിലൂടെ നിര്‍മാണം നടക്കുന്ന മുകളിലത്തെ നിലയില്‍ കയറി ഇവിടെയുള്ള വാതില്‍ വഴി മോഷ്ടാവ് വീടിനുള്ളില്‍ കടന്നിരിക്കാനാണ് സാധ്യതയെന്നു പോലീസ് പറഞ്ഞു. അടുക്കള വാതില്‍ തുറന്നിട്ട നിലയിലായിരുന്നു.

മുറിയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ അടുക്കളയില്‍ തളിച്ചിരുന്നു. കുട്ടിയുടെ സ്വര്‍ണവളകളും കാല്‍ത്തളയും നഷ്ടപ്പെട്ടിട്ടില്ല. സയന്റിഫിക്, വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. ടെറസിലെ കമ്ബികളില്‍ നിന്നും വിരലടയാളങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. സംഘത്തില്‍ ഒന്നിലധികം പേരുണ്ടാകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ദിലീപ്ഖാന്‍, വെണ്‍മണി എസ്.ഐ: കെ.കെ.ജോസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!