കൊയിലാണ്ടി ബീച്ചിലേക്ക് വിവിധ പ്രവൃത്തികൾക്കായി 60 ലക്ഷം രൂപ അനുവദിച്ചു
കൊയിലാണ്ടി: ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ നിന്നും തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് പ്രവൃത്തികൾക്ക് 60 ലക്ഷം രൂപ അനുവദിച്ചു. രണ്ട് പ്രവൃത്തികളും അംഗീകാരത്തിനായി കെ. ദാസൻ എം.എൽ.എ ശുപാർശ ചെയ്തിരുന്നു. പഴയ ഫിഷ് ലാന്റിംഗ് സെന്ററിന് സമീപത്തായി വരുന്ന ഈറ്റത്തോടിന് സ്ലാബിട്ട് നടപ്പാതയാക്കാനായി 25 ലക്ഷവും, ഹാർബർ മുതൽ കാപ്പാട് വരെയുള്ള തീരദേശ റോഡിനും റോഡിലുള്ളപാലത്തിന്റെ അറ്റകുറ്റപ്പണിക്കുമായി 35 ലക്ഷവുമാണ് അനുവദിച്ചത്.
എസ്റ്റിമേറ്റുകൾ തയ്യാറായ പ്രവൃത്തികൾക്ക് സാങ്കേതികാനുമതി കൂടി ലഭ്യമാകുന്നതോടെ ടെണ്ടർ ചെയ്യാനാകുമെന്ന് എം.എൽ.എ പറഞ്ഞു. ഹാർബറുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു റോഡ് പ്രവൃത്തിയായ ഐസ് പ്ലാന്റ് റോഡ് 55 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്ന പ്രവൃത്തി കരാറുകാരൻ ഏറ്റെടുത്തു കഴിഞ്ഞതായും എം.എൽ.എ അറിയിച്ചു.