KOYILANDY DIARY

The Perfect News Portal

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം. ദുരൂഹത ആരോപിച്ച് കുടുംബം

കോഴിക്കോട്: ഉണ്ണികുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ആത്മഹത്യ ചെയ്തതിന്‍റെ ലക്ഷണങ്ങളല്ല കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നതെന്നും സംശയാസ്പദമായ ചില മുറിവുകൾ  ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും മരിച്ച അർച്ചനയുടെ അമ്മ സജിത്ര പറഞ്ഞു. സംഭവത്തിൽ വിശദമായ  അന്വേഷണം നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു.

അർച്ചനയെ അമ്മൂമ്മയുടെ വീട്ടിലാക്കിയിട്ടാണ് അമ്മ സജിത്ര രാവിലെ  ജോലിക്ക് പോയത്. സ്കൂളിൽ പോകാൻ ഒരുങ്ങിയ കുട്ടി പുസ്തകം എടുക്കാനുണ്ടെന്ന് പറഞ്ഞ് അര കിലോമീറ്റർ അപ്പുറത്തുള്ള സ്വന്തം വീട്ടിലേക്ക് പിന്നീട് പോയി. പണി നടക്കുന്ന വീടിനോട് ചേർന്ന ഷെഡ്ഡിന് തീപിടിച്ചെന്നും തൊഴിലുറപ്പ് തൊഴിലാളികൾ തീ അണച്ചപ്പോൾ അർച്ചനയെ അതിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നുമാണ് അറിഞ്ഞത്.

സന്തോഷത്തോടെ സ്കൂളിൽ പോകാൻ ഒരുങ്ങിയ കുട്ടി ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാകുമ്പോൾ സംഭവത്തിലെ ദുരൂഹത ഒഴിയുമെന്ന് ബാലുശ്ശേരി പൊലീസ് അറിയിച്ചു.

Advertisements