ആലപ്പുഴയിൽ കടൽക്ഷോഭം രൂക്ഷം; ഒരു വീട് തകർന്നു
.
ആലപ്പുഴ: ആലപ്പുഴയിൽ കനത്ത മഴയും കടൽക്ഷോഭവും രൂക്ഷം. കടൽക്ഷോഭത്തെത്തുടർന്ന് പുറക്കാടിൽ ഒരു വീട് തകർന്നു. കനത്ത മഴയെത്തുടർന്ന് വീട്ടിൽ താമസിച്ചിരുന്നവർ പുറക്കാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. ഈ പ്രദേശത്തെ ഏഴോളം വീടുകൾ കടൽക്ഷോഭത്താൽ ബാധിക്കപ്പെട്ടിട്ടുണ്ട്. ബണ്ട് തകർന്ന് പത്ത് ഏക്കറോളം കൃഷി നശിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളിൽ നാളെ രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും വിനോദസഞ്ചാരവും പൂർണമായും ഒഴിവാക്കാനും നിർദേശമുണ്ട്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.

കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ /ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.




