KOYILANDY DIARY.COM

The Perfect News Portal

ഉരുള്‍പൊട്ടൽ; ഉത്തരേന്ത്യയിൽ മഴക്കെടുതിയിൽ 36 മരണം

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴക്കെടുതിയിൽ 36 മരണം. കനത്ത മഴയിലും മേഘവിസ്ഫോടനത്തിലും ഉത്തരേന്ത്യയിലെ ഏഴ്‌ സംസ്ഥാനങ്ങളില്‍ വ്യാപകനാശനഷ്ടം. നദികള്‍ കരകവിഞ്ഞ്‌ വീടുകളും വ്യാപാര സ്ഥാപനങ്ങളും പാലങ്ങളും ഒഴുകിപ്പോയി. ഇതുവരെ സ്ഥിരീകരിച്ചത് 36 മരണം. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും മേഘവിസ്‌ഫോടനം സൃഷ്ടിച്ച പ്രളയം 14 ജീവനപഹരിച്ചു. ഷിംല, മണ്ഡി, കുളു ജില്ലകളിലായി 52 പേരെ കാണാതായി. 

സോൻപ്രയാഗ്‌–-കേദാർനാഥ്‌ റോഡിൽ നൂറുകണക്കിന്‌ തീർത്ഥാടകർ കുടുങ്ങിയെന്ന്‌ ഉത്തരാഖണ്ഡ്‌ അധികൃതർ അറിയിച്ചു. സോൻപ്രയാഗിനും ഗൗരികുണ്ടിനും ഇടയിൽ റോഡ്‌ പൂർണമായും ഒലിച്ചുപോയെന്ന്‌ ദേശീയ ദുരന്ത നിവാരണസേന (എൻഡിആർഎഫ്‌) കമാൻഡന്റ്‌ സുദേഷ്‌ ദ്രാൽ അറിയിച്ചു. ചാർധാം യാത്ര രജിസ്‌ട്രേഷൻ തുടങ്ങുന്നത്‌ മാറ്റിയെന്ന്‌ ഉത്തരാഖണ്ഡ്‌ അധികൃതർ അറിയിച്ചു.

ഷിംലയിലെ സമേജ്‌ ഖദ്‌ ജലവൈദ്യുത പദ്ധതിക്ക്‌ സമീപത്തുണ്ടായ മേഘസ്‌ഫോടനത്തിൽ 32 പേരെ കാണാതായി. റോഡുകൾ തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക്‌ ദീർഘദൂരം കാൽനടയായി സഞ്ചരിക്കേണ്ടിവന്നു. മണ്ഡിയിൽ പൻഡോഹ് ഡാം കരകവിഞ്ഞൊഴുകി.  പരിസര പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കുളു, സോളൻ, സിർമൗർ, ഷിംല, കിന്നൗർ ജില്ലകളിൽ തുടർന്നും മണ്ണിടിച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉത്തരാഖണ്ഡില്‍ മന്ദാകിനി നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഗൗരികുണ്ഡ് ക്ഷേത്രത്തിൽനിന്ന് തീർഥാടകരെ ഒഴിപ്പിച്ചു.

Advertisements

 

എൻഡിആർഎഫും എസ്ഡിആർഎഫും അതീവ ജാഗ്രതയിലാണ്. മുഖ്യമന്ത്രി പുഷ്കർ സിങ്‌ ധാമി ഉത്തരാഖണ്ഡിലെ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി.
ഡൽഹിയിൽ അഞ്ച്‌ പേരും ഗ്രേറ്റർ നോയിഡയിൽ രണ്ട്‌ പേരും ഗുരുഗ്രാമിലും രാജസ്ഥാനിലെ  ജയ്‌പുരിലും മൂന്ന്‌ പേർ വീതവും ബിഹാറിൽ അഞ്ച്‌ പേരും മഴക്കെടുതികളിൽ മരിച്ചു. ജയ്‌പുരിൽ കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക്‌ വെള്ളം ഇരച്ചുകയറിയാണ്‌ ഒരു കുടുംബത്തിലെ മൂന്ന്‌ പേർ മരിച്ചത്‌. ഡൽഹി, നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്‌ മേഖലയിൽ അടിപ്പാതകൾ വെള്ളത്തിൽ മുങ്ങി. ഗതാഗതം നിലച്ചു.