സംസ്ഥാനത്ത് വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിന് കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷൻ്റെ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരവെ കൂടുതൽ വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിന് കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷൻ്റെ അനുമതി. ദിവസം 250 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനാണ് അനുമതി. യൂനിറ്റിന് പരമാവധി 10 രൂപ വരെ ചെലവഴിക്കാം. മെയ് 15 വരെയാണ് അനുമതി നൽകിയിരിക്കുന്നത്. ഓരോ ആഴ്‌ചയും ലഭ്യമായ വൈദ്യുതിയും അതിൻ്റെ നിരക്കും കമ്മിഷനെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വേനൽക്കാലത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി കെ.എസ്.ഇ.ബി സമർപ്പിച്ച അപേക്ഷ വെള്ളിയാഴ്‌ച റെഗുലേറ്ററി കമ്മിഷൻ പരിഗണിച്ചെങ്കിലും തീരുമാനമെടുത്തിരുന്നില്ല.
.

.
ഇതുവരെ ഏതെല്ലാം സ്ഥലത്ത് നിന്ന് വൈദ്യുതി വാങ്ങി, എത്രത്തോളം വാങ്ങി തുടങ്ങിയ കാര്യങ്ങളിൽ വിശദാംശങ്ങൾ അപേക്ഷയിൽ ഇല്ലാത്തതിനെ തുടർന്നാണ് അനുമതി നൽകാതിരുന്നത്. തുടർന്ന് വിശദാംശങ്ങൾ നൽകിയതോടെയാണ് എക്‌സ്‌ചേഞ്ചുകൾ വഴി 250 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാൻ അനുമതി നൽകിയത്. യൂനിറ്റിന് 10 രൂപ എന്ന പരിധിക്കുള്ളിൽ നിന്ന്, ഡേ എഹെഡ് മാർക്കറ്റ് നിരക്കിനേക്കാൾ പരമാവധി അഞ്ച് പൈസ വരെ അധികം നൽകി വൈദ്യുതി വാങ്ങാം.
വൈദ്യുതി വാങ്ങൽ പ്രക്രിയ നിരീക്ഷിക്കാൻ ചീഫ് എൻജിനീയർമാരുടെ നേതൃത്വത്തിൽ അപെക്സ് കമ്മിറ്റി, ഓപറേഷണൽ കമ്മിറ്റി എന്നിവ രൂപീകരിക്കാനും നിർദേശമുണ്ട്. വേനൽക്കാലത്തെ അമിതമായ വൈദ്യുതി ഉപയോഗം കുറക്കുന്നതിനായി കെ.എസ്.ഇ.ബി കൃത്യമായ ബോധവൽക്കരണ പരിപാടികൾ നടത്തണമെന്നും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. ഈ മാസം 21നായിരുന്നു കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനിൽ അപേക്ഷ നൽകിയത്.
90 ദിവസംവരെ മുൻകൂട്ടി വൈദ്യുതി വാങ്ങാവുന്ന ടേം എഹെഡ് മാർക്കറ്റിൽനിന്ന് വാങ്ങാനാണ് അനുമതി തേടിയത്. ഇതിന് മുൻകൂർ അനുമതി വേണ്ടെന്ന് കമ്മിഷൻ കെ.എസ്.ഇ.ബിയെ വാക്കാൽ അറിയിച്ചിരുന്നു. എന്നാൽ, കമ്മിഷൻ അനുവദിച്ചിട്ട് മാത്രം വാങ്ങിയാൽ മതിയെന്നായിരുന്നു ബോർഡ് തീരുമാനം. ഇപ്പോൾ വാങ്ങുന്ന വൈദ്യുതിയുടെ അധിക തുക വരുംമാസങ്ങളിൽ ഉപഭോക്താക്കളിൽ നിന്ന് റെഗുലേറ്ററി കമ്മിഷൻ്റെ അനുമതി ലഭിക്കുമ്പോൾ സർച്ചാർജായി ഈടാക്കും.



