KOYILANDY DIARY

The Perfect News Portal

രാഷ്ട്രീയ വിഡ്ഢിത്തം പറയുന്നത് രാഹുൽ ഗാന്ധിയുടെ സ്വഭാവം; ഇ പി ജയരാജൻ

കണ്ണൂർ: രാഷ്ട്രീയ വിഡ്ഢിത്തം പറയുന്നത് രാഹുൽ ഗാന്ധിയുടെ സ്വഭാവമാണെന്നും  എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ പറയുന്നതെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ചോദിച്ചു. രാഹുലിന് പക്വതയില്ലെങ്കിൽ അനുഭവ സമ്പത്തുള്ളവർ ഉപദേശിക്കണം. അതിന് കഴിവുള്ള നേതാക്കളെല്ലാം കോൺഗ്രസ് വിട്ടുപോയി.

നാഷണൽ ഹെറാൾഡ് കേസിൽ 800 കോടിയുടെ അഴിമതിയാണ് പറയുന്നത്. കള്ളപ്പണം വെളുപ്പിച്ച കേസാണ്. എന്നിട്ട് എന്താണ് ആ കേസിൽ രാഹുലിനെ ഇ ഡി അറസ്റ്റ് ചെയ്യാത്തത്. ആദ്യം ആ ചോദ്യം രാഹുൽ സ്വയം ചോദിക്കണം. എന്നിട്ടാകാം പിണറായിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിക്കുന്നത്. ഇലക്ടറൽ ബോണ്ട് വകയിൽ വൻകിടക്കാരിൽ നിന്ന്  ബിജെപിയെ പോലെ നല്ല വിഹിതം പറ്റിയവരാണ് കോൺഗ്രസും. ഇലക്ടറൽ ബോണ്ടിനെതിരെ കേസ് നൽകിയത് സിപിഐ എമ്മാണ്.

 

ഇലക്ടറൽ ബോണ്ട് പണം പുറത്ത് വന്നപ്പോൾ കോൺഗ്രസിന്റെ പങ്കാളിത്തവും പുറത്തുവന്നു. ആ അസംതൃപ്തിയാണ് കോൺഗ്രസും രാഹുലും പിണറായിയുടേയും സിപിഐ എമ്മിന്റെയും നേരെ കാണിക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു. ബിജെപിയെ നേരിടാനാണെങ്കിൽ രാഹുൽ മോദിക്കെതിരെ മത്സരിക്കണമായിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജീർണതയിലാണ്. കള്ളത്തരത്തിന്റെ ചക്രവർത്തിയാണ് മോദി. ആ മോദിയേയും ബിജെപിയെയും നേരിടാൻ കോൺഗ്രസിനാകുന്നില്ലെന്നും ഇ പി പറഞ്ഞു. 

Advertisements