KOYILANDY DIARY

The Perfect News Portal

പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ ഊട്ടുപുര സമർപ്പണം

പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ ഊട്ടുപുര സമർപ്പണം നടന്നു. ഭക്തരുടെ ചിരകാലാഭിലാഷമായിരുന്ന ഊട്ടുപുര സമർപ്പണം ക്ഷേത്രം മേൽശാന്തി ശിവപ്രസാദ് നമ്പൂതിരിയുടെ സാന്നിധ്യത്തിൽ ബ്രഹ്മശ്രീ പഴയിടം വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. വൈകീട്ട് മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി ചെയർമാൻ പടേരി ഗോപാലകൃഷ്ണൻ കൊയിലാണ്ടി നഗരസഭ ചെയർപെഴ്സൺ സുധ കിഴക്കേപ്പാട്ടിൻ്റെ സാന്നിദ്ധ്യത്തിൽ ഊട്ടുപുരയുടെ താക്കോൽ ഏറ്റുവാങ്ങി.

ഊട്ടുപുര നിർമിച്ചു നൽകിയ നാരായണൻ പാറോളി, അറച്ചിക്കണ്ടി, സ്റ്റേജ് നിർമിച്ചു നൽകിയ മോഹൻ കുമാർ അമ്പ്രമോളി, ഡോ. മധുസൂദനൻ ഭരതാഞ്ജലി, സിനിമാ സംവിധായകൻ ശരൺ വേണുഗോപാൽ എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ക്ഷേത്ര ക്ഷേമസമിതി പ്രസിഡണ്ട് എ. കെ. പ്രേംകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ഏരിയ കമ്മിറ്റി മെമ്പർ ചിന്നൻ നായർ, ട്രസ്റ്റി ബോർഡ് ചെയർമാൻ സത്യനാഥൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സെക്രട്ടറി എ. കെ. ഗീത സ്വാഗതവും മോഹനൻ പുതിയ പുരയിൽ നന്ദിയും പറഞ്ഞു.