KOYILANDY DIARY

The Perfect News Portal

തിരികെയെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സിൻ്റെ സംരംഭതക്വ പരിശീലന പരിപാടി 

തിരികെയെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സും സെൻ്റർ ഫോർ മാനേജ്മെൻ്റും സംയുക്തമായി സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുളള ഒൻപതു ജില്ലകളിൽ  ജനുവരി 6 മുതൽ 18 വരെയാണ് പരിപാടി.

പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങി വരുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെൻ്റ്  പ്രൊജക്റ്റ് ഫോർ റീട്ടെൻഡ് എമിഗ്രൻ്റ് (NDPREM) പദ്ധതി പ്രകാരമാണ് പരിശീലനം. കൃഷി, മത്സ്യബന്ധനം, മൃഗപരിപാലനം, വാണിജ്യം, ചെറുകിട വ്യവസായം, സർവീസ് മേഖല, നിർമാണ യൂണിറ്റുകൾ, ബിസിനസ്  എന്നീ മേഖലകളിലാണ്  പരിശീലനം നൽകുന്നത്.

പ്രവാസി സംരംഭകർക്ക് ബിസ്സിനസ്സ് ആശയങ്ങൾ സംബന്ധിച്ച അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം (ജനുവരി 6), ആലപ്പുഴ (ജനുവരി 7), കോഴിക്കോട് ( ജനുവരി 10) , കോട്ടയം, മലപ്പുറം (ജനുവരി 11), കൊല്ലം (ജനുവരി 12), എറണാകുളം, പാലക്കാട് (ജനുവരി 13), തൃശ്ശൂർ ( ജനുവരി 18) എന്നിങ്ങനെയാണ് പരിശീലനം നടക്കുക. സൗജന്യ സംരംഭകത്വ അവബോധ പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുളള പ്രവാസികൾ സി. എം. ഡി. യുടെ 0471-2329738, 8078249505 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Advertisements

നോർക്ക റൂട്ട്സ് എൻ. ഡി. പി. ആർ. ഇ. എം പദ്ധതി. (വായ്പ പദ്ധതി)      തിരിച്ചെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിലോ, ബിസ്സിനസ്സ് സംരംഭങ്ങളോ തുടങ്ങുന്നതിനും, നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് നോർക്ക റൂട്ട്സ് എൻ. ഡി. പി. ആർ. ഇ. എം പദ്ധതി. പ്രവാസി സംരംഭങ്ങൾക്ക് ഒരു ലക്ഷം രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകൾ പദ്ധതി പ്രകാരം അനുവദിക്കുന്നതാണ്. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വർഷം) സംരംഭകർക്ക് ലഭിക്കും.

എൻ. ഡി. പി. ആർ. ഇ. എം പദ്ധതി സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യസ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകൾ വഴി ലഭ്യമാണ്. വിശദവിവരങ്ങൾ നോർക്ക റൂട്ട്സ് വെബ്ബ് സൈറ്റിൽ (www.norkaroots.org/ndprem) ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെൻ്ററിൻ്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും), +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്)  ബന്ധപ്പെടാവുന്നതാണ്.