KOYILANDY DIARY.COM

The Perfect News Portal

അപരിചിതയായ 37 കാരിക്ക് വൃക്കദാനം നല്‍കി, സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറി മണികണ്ഠൻ മനുഷ്യ സ്നേഹത്തിൻ്റെ പ്രതീകമായി മാറി.

അപരിചിതയായ 37 കാരിക്ക് വൃക്കദാനം നല്‍കി, സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറി മണികണ്ഠൻ മനുഷ്യ സ്നേഹത്തിൻ്റെ പ്രതീകമായി മാറി. ‘ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് അവരുമായി ആത്മബന്ധം വേണമെന്നില്ലല്ലോ… മനസ്സുണ്ടെങ്കില്‍ എന്തും ചെയ്യാന്‍ കഴിയും…’ കോഴിക്കോട് സ്വദേശിനിയായ യുവതിക്ക് സ്വന്തം വൃക്കദാനം നല്‍കിയ സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയും ഡി. വൈ. എഫ്. ഐ നേതാവുമായ മണികണ്ഠൻ്റെ മനുഷ്യത്വം വിളിച്ചോതുന്ന വാക്കുകളാണിവ.

ഇരുവൃക്കകളും തകരാറിലായതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ രണ്ടു മക്കളുടെ ഉമ്മകൂടിയായ കോഴിക്കോട് പയ്യോളി സ്വദേശിനിയായ 37 കാരിക്കാണ് മണികണ്ഠന്‍ വൃക്ക ദാനം ചെയ്തത്. ഡി.വൈ.എഫ്.ഐ ഇരുളം മേഖലാ സെക്രട്ടറിയുമായ മണികണ്ഠന്‍ 2014 ല്‍ ഡി.വൈ.എഫ്.ഐ യുടെ ക്യാമ്പയിനിടയിൽ നല്‍കിയ അവയവദാന സമ്മതപത്രത്തിൻ്റെ അടിസ്ഥാനത്തിലാണ് എട്ട് മാസം മുമ്പ് വൃക്ക ദാനം ചെയ്യാന്‍ കഴിയുമോ എന്ന അന്വേഷണം മണികണ്ഠനെ തേടിയെത്തുന്നത്. തുടർന്ന് യുവതിയുടെ അവസ്ഥ മനസ്സിലാക്കിയ മണികണ്ഠന്‍ സമ്മതം അറിയിക്കുകയായിരുന്നു.

വൃക്കദാനം ചെയ്തവരുടെ അനുഭവങ്ങളും വീഡിയോയും ഉള്‍പ്പെടെ കണ്ടതിനു ശേഷം ഇരുവര്‍ക്കും സമ്മതമായതോടെ വൃക്ക നല്‍കാനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശാനുസരണം മൂന്ന് മാസമായി രോഗം വരാതെ ശ്രദ്ധിച്ചും ആരോഗ്യനില മികച്ച രീതിയില്‍ സൂക്ഷിച്ചും ജീവിത ശീലങ്ങളും ഭക്ഷണ രീതിയും ക്രമീകരിച്ചും ശസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പിലായിരുന്നു മണികണ്ഠൻ. എന്നാല്‍ മാര്‍ച്ച് 30ന് തീരുമാനിച്ച ശസ്ത്രക്രിയ യുവതിയുടെ ആരോഗ്യനില മോശമായതോടെ നേരത്തെ തന്നെ നടത്തുകയായിരുന്നു. വൃക്കമാറ്റിവയ്ക്കല്‍ പൂര്‍ണ്ണവിജയമായി എന്ന സന്തോഷ വാര്‍ത്തക്കായി കാത്തിരിക്കുകയാണ് മണികണ്ഠന്‍. പുല്‍പ്പള്ളി ചീയമ്പം മാധവമംഗലത്ത് രാജേന്ദ്രന്‍ മഹേശ്വരി ദമ്പതികളുടെ മകനാണ് മണികണ്ഠന്‍. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ കടകളില്‍ വില്‍പ്പന നടത്തുന്ന ജോലിയാണ്.

Advertisements
Share news
error: Content is protected !!