ഏറെ ജനകീയനായിരുന്നു കോടിയേരി; ഉമ്മൻ ചാണ്ടി

രാഷ്ട്രീയമായി വിരുദ്ധ ചേരിയിൽ നിന്നപ്പോഴും കോടിയേരിയുമായി വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ചിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കലാലയ രാഷ്ട്രീയത്തിലൂടെ പടിപടിയായി ഉയർന്ന് സിപിഐഎമ്മിന്റെ ഏറ്റവും ഉന്നതപദവിയിലെത്തുകയും എംഎൽഎ, മന്ത്രി തുടങ്ങിയ പദവികളിലിരുന്ന് മികച്ച പ്രകടനം നടത്തുകയും ചെയ്ത കോടിയേരി ഏറെ ജനകീയനായിരുന്നു. അദ്ദേഹത്തിന്റെ അകാലവിയോഗത്തിൽ അഗാധമായി ദുഃഖം രേഖപെടുത്തുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ എട്ട് മണിയോടെയായിരുന്നു മരണം. പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേൽക്കാതെ നയിച്ച നേതാവാണ് കോടിയേരി.

എൽഡിഎഫിന് തുടർഭരണം ലഭിച്ചതിനു പിന്നിൽ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്നവും നേതൃശേഷിയുമുണ്ട്. ആറരവർഷം പാർട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി.

