KOYILANDY DIARY

The Perfect News Portal

കേരളത്തിലെ പോലീസുകാർക്ക് കോടിയേരിയെ മറക്കാനാവില്ല: ജേക്കബ് പുന്നൂസ്

കേരളത്തിലെ  ഓരോ പോലീസുകാരനെയും സിവിൽ പോലീസ് ഓഫീസറാക്കിയ മഹാൻ… ജേക്കബ് പുന്നൂസിൻ്റെ വാക്കുകൾ.. അതീവദുഃഖത്തോടെയാണീ വാക്കുകള്‍ കുറിയ്ക്കുന്നത്. കേരളജനതയ്ക്കും കേരളത്തിലെ  പൊലീസുകാര്‍ക്കും ഒരിക്കലും മറക്കാന്‍ കഴിയാത്ത ആഭ്യന്തരമന്ത്രി! കോണ്‍സ്റ്റബിള്‍ ആയി ചേര്‍ന്ന ഭൂരിഭാഗം പൊലീസുകാരും 30 വര്‍ഷം സേവനംചെയ്തു കോണ്‍സ്റ്റബിള്‍ ആയിത്തന്നെ റിട്ടയര്‍ചെയ്യുന്ന പരിതാപകരമായ അവസ്ഥയില്‍നിന്നു, യോഗ്യരായവര്‍ക്കെല്ലാം 15 കൊല്ലത്തില്‍ എച് സി റാങ്കും 23 കൊല്ലത്തില്‍ എഎസ്‌ഐ റാങ്കും ഇന്ത്യയില്‍ ആദ്യമായി നല്‍കിയ വ്യക്തി. അദ്ദേഹം നടപ്പാക്കിയ ജനമൈത്രി പൊലീസുവഴി പൊലീസുകാര്‍ കുടുംബ മിത്രങ്ങളായും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിവഴി  കുട്ടികള്‍ക്ക് അദ്ധ്യാപകരായും, അധ്യാപകര്‍ സ്‌കൂളിലെ പൊലീസ് ഉദ്യോഗസ്ഥരും ആയും മാറി.

കേരളത്തിലെ ആയിരക്കണക്കിന് എക്സ് സര്‍വീസുകാരെ ഹോം ഗാര്‍ഡുകളാക്കി പൊലീസിന്റെയും നാട്ടുകാരുടെയും സഹായികളാക്കി.കേരളത്തില്‍ ആദ്യമായി തണ്ടര്‍ബോള്‍ട് കമാന്റോ ഉള്ള ബറ്റാലിയനും തീരദേശ പോലീസും കടലില്‍ പോകാന്‍ പോലീസിന് ബോട്ടുകളും മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന തീരദേശ ജാഗ്രതസമിതികളും അദ്ദേഹമാണ്  സ്ഥാപിച്ചത്.  ശബരിമലയില്‍ വിര്‍ച്വല്‍ ഡിജഡിറ്റല്‍ ക്യൂ തുടങ്ങാനും ആദ്ദേഹം പച്ചക്കൊടി കാട്ടി.

ഇന്ന്  പൊലീസിനെ വിളിക്കുന്ന സിവില്‍ പൊലീസ് ഓഫീസര്‍ എന്ന വിളിപ്പേര് പൊലീസിനു നല്‍കിയത് കോടിയേരി ആണ്.

Advertisements

ഇന്ത്യയിലെ ഏറ്റവും സമഗ്രവും ജനാധിപത്യപരവൂമായ പൊലീസ് ആക്ട് നിയമസഭയില്‍ അവതരിപ്പിച്ചതും നടപ്പാക്കിയതും മറ്റാരുമല്ല. എല്ലാ  പൊലീസ് സ്റ്റേഷനിലും കമ്പ്യൂട്ടര്‍ നല്‍കി, എല്ലാ  പൊലീസ് സ്റ്റേഷനിലും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി.  പൊലീസിന്റെ കമ്പ്യൂട്ടര്‍വല്‍കരണം ജനങ്ങള്‍ക്ക് അനുഭവ വേദ്യമാക്കിയതും അദ്ദേഹം.

ട്രാഫിക് ബോധവല്‍ക്കരണത്തിന് ഒരു പക്ഷേ ലോകത്തില്‍ ആദ്യമായി ഒരു Mascot. ‘പപ്പു സീബ്ര ‘ കേരളത്തില്‍ ഉടനീളം കുട്ടികളുടെ ഇഷ്ടതോഴനായതും അദ്ദേഹം വഴി.
മൊബൈല്‍  ഫോണ്‍  എന്നത്   സീനിയര്‍ ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സ്വകാര്യ അഭിമാനമായിരുന്ന 2009ല്‍,ഇന്ത്യയില്‍ ആദ്യമായി,സ്റ്റേഷനുകളില്‍ ജോലി എടുക്കുന്ന  പൊലീസുകാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഔദ്യോഗിക മൊബൈല്‍ കണക്ഷന്‍ നല്‍കിയതും ഇദ്ദേഹമാണെന്നത് പ്രത്യേകം ഓര്‍ക്കുന്നു.

അതേസമയം അച്ചടക്കം പാലിപ്പിക്കുന്നതിലും തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുന്നതിലും അദ്ദേഹത്തിന് യാതൊരു ചാഞ്ചല്യവും ഇല്ലായിരുന്നു താനും. പൊലീസിന്റെ പെരുമാറ്റവും സേവന നിലവാരവും ആത്മാഭിമാനവും അച്ചടക്കവും ഉയര്‍ത്തുന്നതില്‍ അതുല്യമായ സംഭാവന നല്‍കിയ വ്യക്തിയാണ് നമ്മെ വിട്ടുപോയത്. വലിയ ദുഃഖം ആണ് എനിക്കീ വേര്‍പാട്???? അഭിവാദനങ്ങള്‍…