KOYILANDY DIARY.COM

The Perfect News Portal

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; പ്രധാന പ്രതി ഇ ഡിയ്ക്കു മുന്നിൽ ഹാജരായി

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ ഒളിവിലായിരുന്ന പ്രധാന പ്രതി ഇ ഡിയ്ക്കു മുന്നിൽ ഹാജരായി. ഹൈറിച്ച് കമ്പനി ഉടമ കെ ഡി പ്രതാപനാണ് കൊച്ചിയിലെ ഓഫീസിൽ ഹാജരായത്. എന്നാൽ പ്രതാപൻ്റെ ഭാര്യയും മറ്റൊരു പ്രതിയുമായ ശ്രീന ഹാജരായില്ല. പ്രതികള്‍ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ പ്രതിഭാഗം അഭിഭാഷകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

മണിചെയിൻ മാർക്കറ്റിങ്ങിലൂടെ 1.63 ലക്ഷം നിക്ഷേപകരിൽനിന്ന്‌ പ്രതികള്‍ 1630 കോടി തട്ടിയെടുത്തെന്നാണ് തൃശ്ശൂര്‍ ചേര്‍പ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ് ഐ ആറില്‍ പറയുന്നത്. 100 കോടിയില്‍പ്പരം രൂപ ഹവാലയായി വിദേശത്തേക്ക് കടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതെക്കുറിച്ചാണ് ഇ ഡി അന്വേഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ കബളിപ്പിച്ച്, മുങ്ങിയ പ്രതികള്‍, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന്, മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, പ്രതികള്‍ അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരാകണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

 

Share news
error: Content is protected !!