KOYILANDY DIARY.COM

The Perfect News Portal

മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ്) ട്രസ്റ്റിന്റെ പുനരധിവാസ കേന്ദ്രത്തിന് തറക്കല്ലിട്ടു

.
കൊയിലാണ്ടി : പരിമിതമായ ചലനശേഷിക്കുള്ളിൽ നിന്ന് ഒരുകൂട്ടം ആളുകൾ വർഷങ്ങളോളം കണ്ട സ്വപ്നം, ഇനിമുതൽ വെറുമൊരു സ്വപ്നമല്ല. മസ്കുലാർ അട്രോഫി(എം ഡി), സ്പൈനൽ മസ്കുലാർ ഡിസ്ട്രോഫി (എസ് എം എ) ബാധിതരായ വ്യക്തികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മൊബിലിറ്റി ഇൻ ഡിസ്ട്രോഫി അഥവാ മൈൻഡ് ട്രസ്റ്റിന്റെ സ്വപ്ന പദ്ധതിയായ ഒരിടം എന്ന പുനരധിവാസ കേന്ദ്രത്തിന് മേപ്പയൂരിൽ തറക്കല്ലിട്ടു. പ്രശസ്ത സോപാന സംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ പാട്ടുപാടി അരങ്ങുണർത്തിക്കൊണ്ട് ചടങ്ങിന് തുടക്കമായി, പേരാമ്പ്ര എം എൽ എ, ശ്രീ.ടി പി രാമകൃഷ്ണൻ പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
.
.
‘സെന്റർ ഫോർ ലവ്, ഹോപ്പ് ആൻഡ് കെയർ എന്ന ആപ്തവാക്യത്തോടെ രൂപകൽപന ചെയ്ത ഒരിടം, എസ് എം എ, എം ഡി ബാധിതരായ വ്യക്തികളുടെ സമ്പൂർണ്ണ പുനരധിവാസമാണ് ലക്ഷ്യം വയ്ക്കുന്നത്. എസ് എം എ, എം ഡി ബാധിതരുടെ താമസം, തുടർചികിത്സ, തെറാപ്പി, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം തുടങ്ങി സമ്പൂർണ്ണ പുനരധിവാസം എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്നതാണ് ഒരിടം. അപൂർവ രോഗബാധിതരുടെ സമ്പൂർണ്ണ പുനരധിവാസം ലക്ഷ്യമാക്കി സംസ്ഥാനത്ത് ആരംഭിക്കാനിരിക്കുന്ന ഇത്തരത്തിലെ ആദ്യ പുനരധിവാസ കേന്ദ്രമാണ് ഒരിടം. മൈൻഡ് ട്രസ്റ്റ് വൈസ് ചെയർമാൻ കൃഷ്ണകുമാർ പി എസ് ഒരിടം പദ്ധതിയെക്കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിബിത ടി അധ്യക്ഷത വഹിച്ചു.
.
.
ചടങ്ങിന് മൈൻഡ് ട്രസ്റ്റ് ചെയർമാൻ സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. മൈൻഡ് ട്രസ്റ്റ് ഉപദേശക സമിതി അംഗമായ യു.എൽ.സി.സി.എസ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ജയരാജ്, ഡോ. ജാവേദ്, കെ.ശങ്കരൻ നമ്പൂതിരി, നജീബ് കുറ്റിപ്പുറം, മേപ്പയ്യൂർ പഞ്ചായത്ത് അംഗം കെ. എം വിനോദൻ, ഒരിടം പ്രൊജക്റ്റ് കമ്മിറ്റി കൺവീനർ കെ. രതീഷ് മാസ്റ്റർ, സി.പി.ഐ മേപ്പയ്യൂർ ലോക്കൽ കമ്മിറ്റി അംഗം കെ. എം.രവീന്ദ്രൻ മാസ്റ്റർ, ബിജെപി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശിവദാസ് ശിവപുരി, ആർ.ജെ.ഡി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നിഷാദ് പൊന്നംകണ്ടി, സി.പി.ഐ (എം.എൽ) ജില്ലാ കമ്മിറ്റി അംഗം വി.എ. ബാലകൃഷ്ണൻ, സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് മേധാവി കെ. സത്യൻ മാസ്റ്റർ, മേപ്പയ്യൂർ പാലിയേറ്റീവ് കെയർ കമ്മിറ്റി സെക്രട്ടറി എം.എം കരുണാകരൻ മാസ്റ്റർ എന്നിവർ പദ്ധതിക്ക് ആശംസകൾ നേർന്നു.മൈൻഡ് ട്രസ്റ്റ് കൺവീനർ എമി സെബാസ്റ്റ്യൻ നന്ദി അറിയിച്ചു.
.
.
അപൂർവരോഗബാധിരായ വ്യക്തികളുടെ പുനരധിവാസം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നത് തുടർക്കഥയായതോടെയാണ് മൈൻഡ് ട്രസ്റ്റ് ഒരിടം പദ്ധതിക്ക് രൂപം നൽകിയത്. നിരവധി കടമ്പകൾ താണ്ടി കഴിഞ്ഞ വർഷമാണ് ഒരിടത്തിന് വേണ്ടിയുള്ള ഭൂമി, സ്ഥാപനം സ്വന്തമാക്കിയത്. കേരളത്തിലുടനീളമുള്ള എസ്.എം.എ, എം.ഡി ബാധിതരായ വ്യക്തികളുടെ ഉന്നമനത്തിന് വേണ്ടി ആരംഭിച്ച മൈൻഡ് ട്രസ്റ്റ് തങ്ങളുടെ ഒൻപതാം വാർഷികം ആഘോഷിച്ചത് മെയ് ഒന്നിനാണ്. സ്ഥാപകരും ഭാരവാഹികളും ഇതേ രോഗബാധിതരായ ട്രസ്റ്റിൽ നിലവിൽ എഴുന്നൂറോളം അംഗങ്ങളുണ്ട്. ഒരിടത്തിന് പുറമെ ഇതേ ശാരീരികാവസ്ഥയിൽ തുടരുന്ന വ്യക്തികൾക്ക് വേണ്ടി രൂപീകരിച്ച പതിനേഴ് സജീവപദ്ധതികൾ കൂടി മൈൻഡ് ട്രസ്റ്റ് നിലവിൽ നടത്തിവരുന്നുണ്ട്.
Share news
error: Content is protected !!