മുൻ ‘മിസിസ് കേരള’ മത്സരാർത്ഥി മുംബൈയിൽ ലഹരിക്കേസിൽ അറസ്റ്റിൽ; കോടികളുടെ കഞ്ചാവ് കടത്താൻ ശ്രമം
.
മുൻ ‘മിസിസ് കേരള’ മത്സരാർത്ഥിയും മോഡലുമായ യുവതി മുംബൈയിൽ ലഹരിക്കേസിൽ അറസ്റ്റിൽ. തൃശൂർ സ്വദേശിനിയായ ഹർഷ സണ്ണി (28) ആണ് പിടിയിലായത്. ബാങ്കോക്കിൽ നിന്നും കോടികളുടെ കഞ്ചാവ് കടത്താൻ ശ്രമിച്ചെന്നാണ് കേസ്. മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി യുവതി പിടിയിലായത്. ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് ഹൈഡ്രോപോണിക് മരിജുവാനയാണ് കടത്താൻ ശ്രമിച്ചത്.

12 കോടിയോളം രൂപ വില വരുന്ന ലഹരി മരുന്ന് ഇവരുടെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ജൂൺ 11ന് ബാങ്കോക്കിൽ നിന്നുള്ള എയർ ഇന്ത്യ (TG-351) വിമാനത്തിലാണ് ഹർഷ മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. വിമാനത്താവളത്തിലെ പതിവ് പരിശോധനകൾക്കിടയിൽ പെരുമാറ്റത്തിൽ സംശയം തോന്നിയ എയർ ഇന്റലിജൻസ് യൂണിറ്റും കസ്റ്റംസ് ഉദ്യോഗസ്ഥരും ഇവരെ തടഞ്ഞുവച്ച് പരിശോധിച്ചതോടെയാണ് കോടികളുടെ ലഹരിക്കടത്ത് കണ്ടെത്തിയത്. 2025 ലെ ‘മിസിസ് കേരള’ മത്സരാർത്ഥിയായിരുന്നു ഹർഷ. കോടതിയിൽ ഹാജരാക്കിയ ഇവരെ മുംബൈ ഫോർട്ട് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.




