KOYILANDY DIARY

The Perfect News Portal

കോരപ്പുഴയിൽ ഫെെബർ വള്ളങ്ങൾ കത്തിനശിച്ചു

കോരപ്പുഴയിൽ ഫെെബർ വള്ളങ്ങൾ കത്തിനശിച്ചു. കേളപ്പജി പാലത്തിനടിയിൽ കെട്ടിയിട്ട മൂന്ന്‌ ഫൈബർ വള്ളങ്ങൾക്കാണ് തീപിടിച്ചത്. രണ്ട് വള്ളങ്ങൾ  ഭാഗികമായും ഒന്നിൻ്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. വെള്ളിയാഴ്ച ഉച്ചക്ക്‌ രണ്ടരയോടെയാണ് പുഴയിൽ നിർത്തിയിട്ട പത്തോളം വള്ളങ്ങളിൽ മൂന്ന്‌ എണ്ണത്തിന് തീപിടിച്ചത്.
എലത്തൂർ കറവൻ്റെ പുരയിൽ ദാസൻ്റെ  ശ്രീശരണ്യ, കുപ്പകളത്തിൽ വസന്തൻ്റെ ശ്രീലക്ഷ്മി, പുതിയപുരയിൽ ഹംസയുടെ ഗോൾഡ് ഫിഷ് എന്നീ വള്ളങ്ങൾക്കാണ് തീപിടിച്ചത്. പുഴയിൽ മീൻപിടിക്കുകയായിരുന്ന തൊഴിലാളികളാണ് തീ അണച്ചത്. ശരണ്യ വള്ളത്തിത്തിൽ നിന്നാണ് തീ മറ്റുള്ളവയിലേക്ക് പടർന്നത്. ഇന്ധനം സൂക്ഷിച്ച ഭാഗത്തേക്ക് തീ എത്തുന്നതിന് മുമ്പ് അണച്ചതിനാൽ  കൂടുതൽ  നഷ്ടമൊഴിവായി. ബീച്ചിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും എലത്തൂർ പൊലീസും സ്ഥലത്തെത്തി. തീപിടിത്തത്തിൻ്റെ  കാരണം വ്യക്തമായിട്ടില്ല.
Advertisements
വൈദ്യുതോപകരണങ്ങളില്ലാത്ത വള്ളങ്ങൾക്കാണ് തീപിടിച്ചത്. പുഴയുടെ അരിക് ഭിത്തിയോട് ചേർന്ന് കെട്ടിയിട്ട വള്ളങ്ങളുടെ മുൻവശത്താണ് തീപിടിച്ചത്. കരയിൽ നിന്നല്ല തീ പടർന്നതെന്നാണ് കരുതുന്നത്.