KOYILANDY DIARY

The Perfect News Portal

ട്രെയിൻ വഴി പടക്കം കൊണ്ടുവരേണ്ട, പിടിക്കപ്പെട്ടാൽ അകത്താകും. മുന്നറിയിപ്പുമായി റെയിൽവേ

ട്രെയിൻ വഴി പടക്കം കൊണ്ടുവരേണ്ട, പിടിക്കപ്പെട്ടാൽ അകത്താകും. മുന്നറിയിപ്പുമായി റെയിൽവേ. തീവണ്ടി വഴി പടക്കങ്ങൾ, മത്താപ്പൂ തുടങ്ങിയവ കൊണ്ടു വരുന്നത് പിടിക്കപ്പെട്ടാൽ മൂന്നു വർഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ്. വിഷയത്തിൽ ആർ.പി.എഫ്. നേതൃത്വത്തിൽ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവത്കരണവും പരിശോധനയും ശക്തമാക്കി. പാലക്കാട് ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണറുടെ നിർദേശപ്രകാരമാണ് പരിശോധന തുടങ്ങിയത്.

എലത്തൂർ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള പടക്കക്കടത്ത് പൂർണമായും തടയാനാണ് ആർ.പി.എഫ്. ലക്ഷ്യമിടുന്നത്. തീപ്പിടിത്തമുണ്ടായാൽ അത് വലിയ അപകടത്തിന് വഴിയൊരുക്കുമെന്നും കൊണ്ടു വരുന്നത് ചെറിയ അളവിലായാൽ പോലും നടപടി ഉണ്ടാകുമെന്നും റെയിൽവേ അറിയിച്ചു. സാധാരണ വിഷുക്കാലത്ത് പടക്കങ്ങളും മറ്റും വിലക്കുറവിൽ കിട്ടുന്ന മാഹി, കോയമ്പത്തൂർ, തിരുപ്പൂർ ഭാഗങ്ങളിൽ നിന്നൊക്കെ വാങ്ങി യാത്ര ചെയ്യാറുണ്ട്.
Advertisements
റെയിൽവേ ആക്ട് 164-ാം വകുപ്പുപ്രകാരം അപകടം ഉണ്ടാക്കുന്ന വസ്തുക്കൾ തീവണ്ടി വഴി കൊണ്ടു പോകുന്നത് ഗൗരവകരമായ കുറ്റമാണ്. എന്നാൽ ഇതേപ്പറ്റി പലർക്കും അറിയില്ലെന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തുന്നത്. വടകര റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച ആർ.പി.എഫ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബോധവത്കരണം നടന്നു.