പുതിയ അഗ്നിരക്ഷാ വാഹനം ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങ് കോൺഗ്രസ് വേദിയായി
.
.
കൊയിലാണ്ടിയിലെ പുതിയ അഗ്നിരക്ഷാ വാഹനം ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങ് കോൺഗ്രസ് വേദിയായി മാറി. എം.എൽ.എ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നിന്ന് വാർഡ് കൗൺസിലറെയും പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഒഴിവാക്കിയതായാണ് പരാതി. തികച്ചും രാഷ്ട്രീപ്രരിതമായിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആക്ഷേപം ഉയർന്നു. കെപിസിസി അംഗം പി രത്നവല്ലി, കോൺഗ്രസ് പാർലമെൻ്റ് മണ്ഡലം സെക്രട്ടറി സെക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുരളി തോറോത്ത് തുടങ്ങിയ നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് കെ. പ്രവീൺ കുമാർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തത്.
.

.
സംഭവത്തിൽ വാർഡ് കൌൺസിലർ സികെ ജയദേവനെ ബന്ധപ്പെട്ടപ്പോൾ ഉദ്ഘാടനത്തെപറ്റി അറിയില്ല എന്നാണ് അറിഞ്ഞത്. മറ്റു രാഷ്ട്രീയ പാർട്ടികളെയും ചടങ്ങ് അറിയിച്ചിട്ടില്ല. ഫയർ സ്റ്റേഷനിലെ ചില കോൺഗ്രസ് അനുകൂല സംഘടനയിൽപ്പെട്ടവരുടെ ഒത്താശയോടെയാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നറിയുന്നു. സംഭവത്തിൽ സിപിഐഎം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്റർ, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. സുനിൽ മോഹൻ, ബിജെപി സംസ്ഥാന കൌൺസിൽ അംഗം വായനാരി വിനോദ്, രാഷ്ട്രീയ ജനതാദൾ (RJD) മുൻസിപ്പൽ പ്രസിഡണ്ട് അഡ്വ. കെ.ടി രാധാകൃഷ്ണൻ എന്നിവർ കടുത്ത പ്രതിഷേധമറിയിച്ചു.
.

.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ സംസ്ഥാനത്തെ ഓരോ ഫയർസ്റ്റേഷനും അനുവദിച്ച MUV (ടാറ്റാ YODHA)യുടെ അത്യാധുനിക സൌകര്യങ്ങളടങ്ങിയ വാഹനമാണ് കഴിഞ്ഞ ദിവസം കൊയിലാണ്ടിയിൽ എത്തിച്ചേർന്നത്. വലിയ വാഹനം കടന്നുചെല്ലാത്ത പ്രദേശങ്ങളിൽ ഈ വാഹനം രക്ഷാപ്രവർത്തനത്തിനായി സുഗമമായി എത്തിക്കാൻ കഴിയുമെന്നതാണ് ഇതിൻ്റെ പ്രത്യേകത.
.

.
സ്വന്തമായി കെട്ടിയമോ സ്ഥല സൗകര്യമോ ഇല്ലാതിരുന്ന സമയത്ത് കെ. ദാസൻ എംഎൽഎയും നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ്റെയും നേതൃത്വത്തിൽ കൊയിലാണ്ടിയിലെ വ്യാപാരി സംഘടനകളുടെയും പ്രമുഖ വ്യക്തികളെയും നേരിൽ കണ്ട് സ്റ്റേഡിയത്തിൽ താൽക്കാലിക കെട്ടിടം നിർമ്മിക്കാനാവശ്യമായ ഇടപെടൽ നടത്തിയതോടെയാണ് എൽഡിഎഫ് സർക്കാർ അനുവദിച്ച ഫയർ സ്റ്റേഷൻ 2017 ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്. തുടർന്നും നഗരസഭയാണ് കെട്ടിടത്തിൻ്റെ മെയിൻ്റനൻസും മറ്റുകാര്യങ്ങളും ഇപ്പോഴും നോക്കുന്നത്.
.
കൊയിലാണ്ടി അഗ്നി രക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എം, മറ്റു സേനാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായി.




