KOYILANDY DIARY.COM

The Perfect News Portal

‘മണ്ണിനടിയിലിട്ട് മൂടണമായിരുന്നു’; മണ്ണിടിച്ചിലിൽ അപകടത്തില്‍പ്പെട്ട മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് വ്ളോഗർ

.

മലപ്പുറം: പാണക്കാട് മണ്ണിടിച്ചിലില്‍ അപകടത്തില്‍പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻസ്റ്റഗ്രാം വ്‌ളോഗര്‍. അപകടത്തില്‍പ്പെട്ട മാധ്യമ പ്രവര്‍ത്തകരെ മണ്ണിനടിയില്‍ തന്നെ ഇട്ട് മൂടണമായിരുന്നു എന്നായിരുന്നു വ്ളോഗറുടെ പ്രതികരണം. ഇൻസ്റ്റഗ്രാം വീഡിയോ സന്ദേശത്തിലൂടെയാണ് ഇയാള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. മാധ്യമ പ്രവര്‍ത്തകര്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പങ്കുവെച്ചായിരുന്നു നിസാമിൻ്റെ വിവാദ പരാമർശം.

 

മലപ്പുറം പാണക്കാട് വേങ്ങര റോഡിലേക്ക് കുന്നിൻ ചെരുവിൽ നിന്ന് വൻതോതിൽ മണ്ണിടിഞ്ഞാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. ആളുകൾ രണ്ട് ഭാഗങ്ങളിലേക്ക് ഓടിയതിനാൽ ആളപായം ഒഴിവായി. നിർമ്മാണ പ്രവർത്തി ആരംഭിച്ച ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണും കല്ലുകളും റോഡിലേക്ക് പതിച്ച് വീഴുകയായിരുന്നു. മാധ്യമപ്രവ‍ര്‍ത്തകരും നാട്ടുകാരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഉടൻ ഓടി രക്ഷപ്പെടുന്നതിനിടയിൽ മലപ്പുറം കൈരളി ടിവി ക്യാമറമാൻ ജയേഷിന് നിസാര പരിക്കേറ്റിരുന്നു.

അതിനിടെ, പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തിന്റെ ഉടമയുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സ്ഥല ഉടമയായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നൗഫല്‍ കടക്കാടന്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ ബിനാമിയെന്നാണ് വിവരം. ഉന്നത സ്വാധീനമുള്ള വ്യക്തിക്ക് വേണ്ടി സ്ഥലം വാങ്ങിയത് നൗഫലിന്റെ പേരില്‍ എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് നിര്‍മ്മിക്കാന്‍ പോകുന്നത് പ്രീമിയം ആയുര്‍വേദ റിസോര്‍ട്ട് ആണെന്നാണ് ലഭിക്കുന്ന വിവരം. 

 

പരിസ്ഥിതിലോല മേഖലയില്‍ അനധികൃതമായി നിര്‍മ്മാണം നടത്താനായിരുന്നു ഉദ്ദേശം. മണ്ണെടുപ്പിനും, പാറ പൊട്ടിക്കുന്നതിനും അനുമതി കൊടുത്തതിലും അധികൃതര്‍ക്ക് വീഴ്ച്ച വന്നെന്നാണ് വിവരം. മണ്ണെടുപ്പിനും പാറ പൊട്ടിക്കുന്നതിനുമായി നൗഫല്‍ നഗരസഭയ്ക്കും ജിയോളജി വകുപ്പിനും കൊടുത്ത അഡ്രസിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. 2018ല്‍ മണ്ണിടിച്ചില്‍ ഉണ്ടായപ്പോള്‍ ഈ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവുണ്ടായിരുന്നു. വേങ്ങര കുന്നുംപുറം സ്വദേശിയായ ക്വാറി ഉടമയും സ്ഥലം ഇടപാടില്‍ പങ്കാളിയാണ് എന്നാണ് സൂചന.

Share news
error: Content is protected !!