KOYILANDY DIARY

The Perfect News Portal

ലഹരി മാഫിയക്കെതിരെ പരാതി നൽകിയതിന് മർദനം. റിപ്പോർട്ട് തേടി മന്ത്രി

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ലഹരി മാഫിയക്കെതിരെ പരാതി നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനമേറ്റു. സംഭവത്തിൽ മന്ത്രി വി. ശിവൻകുട്ടി അന്വേഷണ റിപ്പോർട്ട് തേടി.  പൊലീസില്‍ നിന്ന് പെണ്‍കുട്ടിയുടെ പേരുവിവരം ചോര്‍ന്നതാണ് അക്രമത്തിനു വഴിയൊരുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടിയെ കമ്പുകൊണ്ടു പലതവണ അടിച്ചു. മര്‍ദനമേറ്റ് അമ്മയുടെ കൈയ്ക്ക് പൊട്ടലുണ്ട്.

എക്‌സൈസ് വകുപ്പ് സ്‌കൂളില്‍ നടത്തിയ ബോധവത്കരണ പരിപാടിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് വിദ്യാര്‍ത്ഥിനി വീടിനടുത്തു നടന്നുവരുന്ന കഞ്ചാവ് വില്‍പ്പനയെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. തുടർന്ന് വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തുകയും അയല്‍വാസിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജീവനക്കാരനുമായ മുരുകനെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍, കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ല.

സ്റ്റേഷനില്‍നിന്ന് ഇറങ്ങിയ ഇയാള്‍ അടുത്ത ദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഭീഷണിപ്പെടുത്തല്‍ പതിവായപ്പോള്‍ പൊലീസില്‍ അറിയിച്ചു. ഈ പരാതി നിലനില്‍ക്കെയാണ് ഇയാള്‍ ജനുവരി ഏഴിന് രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി കുട്ടിയെയും അമ്മയെയും മര്‍ദിച്ചത്.

Advertisements

അതേസമയം സംഭവം ഞെട്ടിക്കുന്നതാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു കെ. ഐ. എ. എസിന് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉടൻ നടപടി എടുക്കണമെന്നും  മന്ത്രി പറഞ്ഞു.