KOYILANDY DIARY.COM

The Perfect News Portal

നിങ്ങള്‍ക്ക് 14.2 കിലോ ഗ്യാസ് സിലിണ്ടറാണോ കിട്ടുന്നത്; അടുത്ത തവണ അത്രയും കിട്ടിയേക്കില്ല

.

കൊച്ചി: പാചക വാതക ക്ഷാമത്തിനിടെ നിലവില്‍ ലഭിക്കുന്ന അളവില്‍ കുറവുവരുത്താന്‍ ഓയില്‍ കമ്പനികളുടെ നീക്കം. 14.2 കിലോ സിലിണ്ടര്‍ 10 കിലോ ആക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. പ്ലാന്റുകളില്‍ നിന്നുള്ള വിതരണം നിര്‍ത്തിവെച്ചു. 14.2 കിലോ സ്‌റ്റോക്ക് തീര്‍ക്കാന്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ അടുത്ത തവണ സിലിണ്ടര്‍ ലഭിക്കുമ്പോള്‍ 10 കിലോയുടേതാണ് ലഭിക്കുക.

അതേ സമയം പൂര പ്രദര്‍ശന ഉദ്ഘാടനത്തില്‍ പാചക വാതക പ്രതിസന്ധിയെ കുറിച്ച് തര്‍ക്കിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഉദ്ഘാടന ചടങ്ങില്‍ പശ്ചിമേഷ്യയില്‍ യുദ്ധഭീതി അവസാനിക്കാന്‍ പ്രാര്‍ഥനയര്‍പ്പിച്ച് പ്രസംഗം അവസാനിപ്പിച്ച കേന്ദ്രമന്ത്രിയോട് സാധാരണക്കാര്‍ നേരിടുന്ന പാചകവാതക പ്രതിസന്ധികള്‍ക്ക് പരിഹാരം വേണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ജില്ലാപഞ്ചായത്ത് പ്രസിഡന്റും പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടതായിരുന്നു തര്‍ക്കത്തിന്റെ തുടക്കം.

Advertisements

 

ക്ഷേത്രങ്ങളിലെ അന്നദാനങ്ങള്‍ക്കും പാചകവാതക പ്രതിസന്ധി വെല്ലുവിളിയാകുന്നതായും അതില്‍ കേന്ദ്ര പെട്രോളിയം സഹമന്ത്രികൂടിയായ സുരേഷ് ഗോപി പരിഹാരം കാണണമെന്നും മുഖ്യപ്രഭാഷണത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രതിസന്ധി മൂലം തൃപയാര്‍ ക്ഷേത്രത്തിലെ ചില അന്നദാനം മുടങ്ങിയതായും അദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് സംസാരിച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പ്രതിസന്ധി കൂടുതല്‍ ശക്തമായി ഉയര്‍ത്തിക്കാട്ടി. ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് അടുപ്പുകൂട്ടി ആഹാരം പാകം ചെയ്യുകയെന്നത് സാധ്യമല്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നുവെന്നുമായിരുന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്.

 

തൃപ്രയാറില്‍ പാചകവാതകം ഇല്ലെങ്കില്‍, ക്ഷേത്രം പ്രതിനിധികള്‍ കളക്ടറെ അറിയിക്കണമായിരുന്നു. ഇത്തരം സാഹചര്യത്തില്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് ചില സഹകരണങ്ങള്‍ വേണമെന്നും പുരം കലക്കിയതുപോലെ ഗ്യാസും കലക്കാന്‍ ശ്രമമുണ്ടായി, അത് താനിടപെട്ട് പരിഹരിച്ചുവെന്നും സുരേഷ് ഗോപി തര്‍ക്കത്തിനിടെ അവകാശപ്പെട്ടു. ഇതിന് പിന്നാലെ സുരേഷ് ഗോപി വീണ്ടും മൈക്ക് കൈയ്യിലെടുത്ത് പ്രതികരിച്ചു.

പരിപാവനമായൊരു സന്ദര്‍ഭത്തെ ഇത്തരത്തില്‍ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്നായിരുന്നു ആദ്യ പ്രതികരണം. പ്രതിസന്ധി വിഷയത്തില്‍ നടപടി സ്വീകരിച്ചതിന്റെ ഭാഗമായാണ് ഹോട്ടല്‍, കമ്യൂണിറ്റി കിച്ചണ്‍ എന്നിവിടങ്ങളില്‍ പാചകവാതകത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നമ്മളല്ല, പശ്ചിമേഷ്യയില്‍ യുദ്ധം അഴിച്ചുവിട്ടത്. മുന്‍വര്‍ഷങ്ങളില്‍ ഇത്തരത്തിലുള്ള പല പ്രശ്നങ്ങളുമുണ്ടായിട്ടുണ്ട്. അന്നൊന്നും പ്രധാനമന്ത്രിയെയും ഭരണത്തെയും ആരും കുറ്റം പറഞ്ഞിരുന്നില്ല. ‘സാമ്രാജ്യം’ എന്ന വാക്കുപയോഗിച്ച് മനോനില കെടുത്താമെന്ന് ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രവും വിചാരിക്കേണ്ടാ. അതിലൂടെ നിങ്ങളുടെ നാശത്തിന് ചിതയൊരുങ്ങുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

 

താനിങ്ങനെയൊന്നും സംസാരിക്കുന്നയാളല്ലെന്നും സങ്കടംകൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നുമായിരുന്നു അടുത്ത പ്രസ്താവന. എല്ലാ ഉത്തരവാദിത്വങ്ങളും മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അതെല്ലാം കൃത്യമായി ചെയ്യുന്നുണ്ട്. ഇനിയും വീഴ്ചകളുണ്ടെങ്കില്‍ അതു മുഖ്യമന്ത്രിയുടെയും 14 കളക്ടര്‍മാരുടെയും വീഴ്ചയാണെന്നും കുറ്റപ്പെടുത്തി.

 

അതേസമയം പാറമേക്കാവ് ക്ഷേത്രത്തിനാവശ്യമായ 40 പാചക വാതക സിലിണ്ടറും ശാന്തിഘട്ടിലെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി ദിവസേന 10 വീതം സിലിന്‍ഡറും നല്‍കാന്‍ കേന്ദ്രമന്ത്രി നേരിട്ട് ഇടപെട്ടതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. പൂരം പ്രദര്‍ശനത്തിന് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് സ്റ്റാളുകളുമായി എത്തുന്നവര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിന് ദിവസേന 10 സിലിന്‍ഡറുകള്‍ നല്‍കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

Share news
error: Content is protected !!