KOYILANDY DIARY.COM

The Perfect News Portal

അരയൻകാവ് (ചെറിയ തോട്) – കൂത്തംവള്ളി പാലങ്ങൾ യാഥാർത്ഥ്യമാകുന്നു

.

കൊയിലാണ്ടി: അന്തരിച്ച എംഎൽഎ കാനത്തിൽ ജമീലയുടെ ശ്രമഫലമായി അനുവദിച്ച അരയൻകാവ് (ചെറിയ തോട്) – കൂത്തംവള്ളി പാലങ്ങൾ യാഥാർത്ഥ്യമാകുന്നു. രണ്ട് ചെറിയ പാലങ്ങളും അപ്രോച്ച് റോഡും ഉൾപ്പെടെ കഴിഞ്ഞ സർക്കാർ ഇതിനായി 1 കോടി 10 ലക്ഷം രൂപ അനുവദിച്ചിരുന്നു, 2024 – 25 സംസ്ഥാന ബജറ്റിലാണ് പദ്ധതിക്കാവശ്യമായ തുക വകയിരുത്തിയത്. തുടർന്ന് കാനത്തിൽ ജമീലയുടെ നിരന്തരമായ ഇടപെടലിൻ്റെ ഭാഗമായി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഇതിനായുള്ള എസ്റ്റിമേറ്റ് ഉൾപ്പെടെ തയ്യാറാക്കി നൽകി തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കി. ആരോഗ്യം മോശമായി കിടപ്പിലായിരുന്ന സമയത്ത്പോലും ബന്ധപ്പെട്ട സർക്കാർ ഓഫീസുകളിലേക്ക് നിരന്തരം ഫോണിൽ ബന്ധപ്പെട്ട് പദ്ധതി നടപ്പിലാക്കാൻ നടത്തിയ ഇടപെടലാണ് 90 ശതമാനം പ്രവൃത്തിയും ഇതിനകം പൂർത്തിയാക്കാൻ സഹായിച്ചത്. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൻ്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. 

പതിറ്റാണ്ടുകളായി മത്സ്യ തൊഴിലാളികൾ ഉൾപ്പെടെ ഒരു പ്രദേശത്തെ ജനതയുടെ നിരന്തരമായ ആവശ്യവും സ്വപ്നവുമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. രണ്ട് പ്രദേശങ്ങൾ തമ്മിൽ ഒന്നിക്കാൻ കഴിയുന്ന സന്തോഷ മുഹൂർത്തത്തിലാണ് ഇപ്പോൾ നാട്ടുകാർ. അരയൻകാവ് ഭാഗത്ത് നിലവിൽ ഒരു മീറ്റർ വീതി മാത്രമുള്ള കൈവരികളുള്ള കോൺഗ്രീറ്റ് പാലമാണ് നാട്ടുകാർ ആശ്രയിച്ചിരുന്നത്. കൂത്തംവള്ളിയിലാകട്ടെ തോട് മുറിച്ചുകടക്കാൻ ഇലക്ട്രിക് പോസ്റ്റുകൾ ഉപയോഗിച്ച് ഉണ്ടാക്കിയ താൽക്കാലിക പാലമാണുള്ളത്. ഇത്രയും കാലം ദുരിതംപേറിയ മത്സ്യ തൊഴിലാളികൾ ഉൾപ്പെടെയുള്ള നാട്ടുകാർക്ക് പാലവും റോഡും പൂർത്തിയാകുന്നതോടെ വലിയ ആശ്വാസമാകും. പ്രദേശത്തിൻ്റെ മറ്റ് വികസനങ്ങളും എളുപ്പമാകും. 

Advertisements

രണ്ട് പാലങ്ങളും 675 മീറ്ററോളം നീളത്തിൽ അപ്രോച്ച് റോഡും വന്നുകഴിഞ്ഞാൽ കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യ തൊഴിലാളികൾക്ക് കൊല്ലം വരെ ദേശീയപാതയിലേക്ക് പ്രവേശിക്കാതെ വളരെ എളുപ്പത്തിൽ യാത്രചെയ്യാൻ കഴിയുമെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രയോജനം. തീരത്തോട് ചേർന്ന് തന്നെ ധാരാളം പുറംമ്പോക്ക് ഭൂമി ഉള്ളത്കൊണ്ട് വലിയ സാമ്പത്തിക ബാധ്യതയില്ലാതെ അപ്രോച്ച് റോഡിനുവേണ്ട സ്ഥലം ഏറ്റെടുത്ത് പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കും. ഇതിനായി എംഎൽഎയും കൊയിലാണ്ടി നഗരസഭയും നാട്ടുകാരുമായി നടത്തിയ ചാർച്ചയിലൂടെ തീരുമാനമായതാണ്.

ഒരു മാസത്തിനുള്ളിൽതന്നെ ഇരു പാലങ്ങളുടെയും പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്രോച്ച് റോഡ് കോൺഗ്രീറ്റ് ചെയ്യാനുള്ള എസ്റ്റിമേറ്റാണ് എടുത്തിട്ടുള്ളത്. അങ്ങിനെ വന്നാൽ രണ്ട് ആഴ്ചകൊണ്ട് 675 മീറ്ററോളം വരുന്ന ഇരു ഭാഗത്തെ റോഡിൻ്റെ പണിയും പൂർത്തിയാക്കാൻ കഴിയും. ആഗസ്റ്റ് മാസംതന്നെ പദ്ധതി നാടിന് സമർപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.. 

Share news
error: Content is protected !!